പാലാ: ഫെബ്രുവരി 3 ന് പാലാ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.ഡി.എഫിൽ പൊട്ടിത്തെറി. താനാണ് യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയെന്നുകാട്ടി നഗരസഭയിലെ കോൺഗ്രസ് അംഗം വി.സി. പ്രിൻസിന്റെ പ്രസ്താവന ഇന്നലെ 10 മണിയോടെ സമൂഹമാധ്യമങ്ങളിൽ വന്നു. അടുത്തവർഷം നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ യു.ഡി.എഫിനെ നയിക്കുന്നതും തന്റെ നേതൃത്വത്തിലായിരിക്കുമെന്നും പ്രിൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

പ്രിൻസിന്റെ പ്രസ്താവന വന്ന് ഒരു മണിക്കൂറിനുള്ളിൽ കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എൻ.സുരേഷും പ്രസ്താവനയുമായി രംഗത്തെത്തി. പാലാ നഗരസഭയിലെ യു.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥിയെച്ചൊല്ലി ചർച്ചകൾ ആരംഭിച്ചിട്ടുപോലുമില്ലെന്നും പ്രിൻസിന്റെ പ്രചാരണം കെട്ടുറപ്പോടെ മുന്നോട്ടുപോകുന്ന യു.ഡി.എഫിൽ അന്തച്ഛിദ്രം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും എൻ.സുരേഷ് തുറന്നടിച്ചു.


പ്രചരണങ്ങൾക്ക് പിന്നിലെ സത്യമെന്ത്

കോൺഗ്രസിന്റെ കൗൺസിലറും ബ്ലോക്ക് പ്രസിഡന്റും ചേരിതിരിഞ്ഞ് നടത്തിയ പ്രസ്താവനാ യുദ്ധത്തിൽ ചില പിന്നാമ്പുറ കഥകളുണ്ട്. കോൺഗ്രസ് കമ്മറ്റി യോഗം ചേർന്ന് വി.സി. പ്രിൻസിനെ യു.ഡി.എഫ്. ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. ഇതുപക്ഷേ യു.ഡി.എഫിൽ ചർച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല ജോസഫ് ഗ്രൂപ്പിലെ ഒരു വനിതാ കൗൺസിലർ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊടുന്നനെ താനാണ് ചെയർമാൻ സ്ഥാനാർത്ഥിയെന്ന പ്രസ്താവനയുമായി വി.സി.പ്രിൻസ് രംഗത്തുവന്നത്.