
കോട്ടയം : ഒന്നാം കൃഷിയുടെ നെല്ല് സപ്ലൈകോ സംഭരിച്ച് നാലുമാസമായിട്ടും പണത്തിനായുള്ള കർഷകരുടെ കാത്തിരിപ്പ് നീളുന്നു. 320 കോടിരൂപ സപ്ലൈകോയ്ക്കായി ഒരു മാസം മുമ്പ് സർക്കാർ അനുവദിച്ചിരുന്നു ഈ പണം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ല. ഒന്നാം കൃഷി കൊയ്ത്ത് കഴിഞ്ഞ് നിലമൊരുക്കി രണ്ടാം കൃഷിയുടെ നെല്ല് വളർന്നു തടങ്ങി. ട്രഷറിയിൽ നിന്ന് പണം എത്തുന്നതിന്റെ സാങ്കേതിക കാലത്താമസമാണെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ അടുത്ത സംഭരണത്തിനുള്ള രജിസ്ട്രേഷനും സപ്ലൈകോ ആരംഭിച്ചു. പണം കിട്ടിയില്ലെങ്കിലും നിലം തരിശിടുന്നത് അധിക ബാദ്ധ്യത വരുത്തുമെന്നതിനാൽ കടം വാങ്ങി കർഷകർ രണ്ടാം കൃഷി ഞാറ് നടീൽ പൂർത്തിയാക്കി. കളപറിക്കലും , വളമിടീൽ അടക്കം ഇനി ചെലവേറും. കനത്ത വേനലിൽ വെള്ളമില്ലാതെ നെൽച്ചെടി ഉണങ്ങുന്നത് ഒഴിവാക്കാൻ ചാല് വെട്ടി വെള്ളമെത്തിക്കണം. ഇത് അധിക ചെലവ് വരുത്തും.
കുടിശിക 80 കോടി, കിട്ടിയത് 8 കോടി
ഒക്ടോബർ മുതൽ നെല്ല് സംഭരിച്ച വകയിൽ ജില്ലയിലെ കുടിശിക 80 കോടിയാണ്. 40 കോടി കൊടുത്തെന്ന് സർക്കാർ പറയുമ്പോഴും എട്ടുകോടി മാത്രമാണ് ലഭിച്ചെന്നാണ് പാടശേഖര സമിതികളുടെ വിശദീകരണം. സപ്ലൈകോയ്ക്ക് നെല്ല് കൊടുക്കാതെ വെച്ചൂരിലെ മോഡേൺ റൈസ് മില്ല് ഗോഡൗണിൽ അധിക ചെലവ് വഹിച്ച് നെല്ല് എത്തിച്ചു കൊടുത്ത കർഷകർക്കും പണം ലഭിച്ചില്ല. സപ്ലൈകോ പണം എത്തിച്ചില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
''നെല്ല് സംഭരണത്തിന് കേന്ദ്ര സർക്കാർ ഈ സാമ്പത്തിക വർഷം 299.56 കോടി രൂപയാണ് നൽകിയത്. ഇനി 1266.14 കോടി നൽകാനുണ്ട്. സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസായി ആഗസ്റ്റ്, ഡിസംബർ മാസങ്ങളിലായി 230 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചു. ഇനി 150 കോടി കൂടി നൽകും. എസ്.ബി.ഐ, കാനറ ബാങ്കുകൾ വഴി പി.ആർ.എസ് വായ്പ 15 ദിവസത്തിനകം നൽകും. നെല്ലിന്റെ രണ്ടാം വിള സംഭരണത്തിനായി ഇതുവരെ 59,269 കർഷകർ രജിസ്റ്റർ ചെയ്തു.
-മന്ത്രി ജി.ആർ.അനിൽ