
കോട്ടയം : ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി മൂന്നിന് ബാല പാർലമെന്റ് സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. രാജ്യത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ കുട്ടികളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും പ്രഥമ പരിഗണന നൽകണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ 'കുട്ടികൾക്കിണങ്ങിയ ഇന്ത്യ' എന്ന വിഷയം ഉയർത്തിയാണ് പാർലമെന്റ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും കുറിച്ച് ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ചോദ്യോത്തര വേളയും തുടർന്നുള്ള നടപടിക്രമങ്ങളുമാണ് ബാല പാർലമെന്റിൽ അവതരിപ്പിക്കുക. 500 കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും.