കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ നാളെ മുതൽ മാർച്ച് 31 വരെ സംഭരിക്കുന്ന പാലിന് 7രൂപവീതം പ്രോത്സാഹന അധികവില നല്കുമെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു.
ഓരോ ലിറ്ററിനും കർഷകർക്ക് അഞ്ചുരൂപയും സംഘത്തിന് രണ്ടുരൂപയും കിട്ടും. ജില്ലയിലെ 300ലേറെ ക്ഷീരസംഘങ്ങളിൽ നിന്ന് ഏകദേശം ഒരുലക്ഷംലിറ്റർ പാലാണ് ദിവസവും സംഭരിക്കുന്നത്. മേഖലാ യൂണിയന്റെ ഈ വർഷത്തെ പ്രവർത്തന ലാഭത്തിൽനിന്ന് ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ ആയിരത്തിലേറെ പ്രാഥമിക സംഘങ്ങളിലെ കർഷകർക്കും സംഘങ്ങൾക്കുമായി 25 കോടിയിലേറെ രൂപ ചെലവഴിക്കും.