rubber

കോട്ടയം : മാസങ്ങളായി കിലോയ്ക്ക് 150 രൂപയിൽ താഴെയായിരുന്ന റബർ വില ആദ്യമായ് 160 കടന്നു. എന്നാൽ കടുത്ത ചൂടിൽ മരങ്ങൾ ഇലപൊഴിച്ചു തുടങ്ങിയതിനെത്തുടർന്ന് ടാപ്പിംഗ് നിറുത്തിയതിനാൽ വിലകൂടിയതിന്റെ പ്രയോജനം ചെറുകിടകർഷകർക്ക് ലഭിക്കില്ല.

മലേഷ്യ,തായ്ലൻഡ്,ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ പ്രധാന റബർ ഉത്പാദക രാഷ്ടങ്ങളിൽ ഉത്പാദന കുറവുണ്ടായതിനാൽ അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നു. ബാങ്കോക്കിൽ ഒരു കിലോ റബർവില 172 രൂപയായ് ഉയ‌ർന്നതോടെ .ഇറക്കുമതിയിൽ 15 ശതമാനം കുറവ് വന്നു. അന്താരാഷ്ട്രതലത്തിൽ വില ഉയർന്നതിനൊപ്പം ഇന്ത്യൻ വിപണിയിൽ കുതിച്ചു കയറ്റം ഉണ്ടാകാതിരിക്കാൻ ടയർ കമ്പനികൾ കരുതലോടെ വില ഉയർത്താൻ നിർബന്ധിതരായതാണ് ഇപ്പോഴത്തെ വില വർദ്ധനവിന് കാരണം. വൻകിട വ്യവസായികളുടെ കരുതൽ ശേഖരം കുറഞ്ഞതും കാരണമാണ്.ഈ ട്രെൻഡ് തുടർന്നാൽ വരും മാസങ്ങളിൽ റബർ വില 175 വരെ എത്തിയേക്കും.

.

വിലയിങ്ങനെ

ഒരാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് അഞ്ചു രൂപയുടെ വരെ വ്യത്യാസം ഉണ്ടായി. കൊച്ചിയിൽ ആർ.എസ്.എസ് 4ന് കിലോയ്ക്ക് 164 രൂപ 50 പൈസയായി. ഫൈവിന് 160 രൂപയായി. റബർ ബോർഡ് വിലയും ഇതു തന്നെ. എന്നാൽ കോട്ടയത്തെ ഇന്നലത്തെ വ്യാപാരി വില ഫോറിന് 159.50 രൂപയും ഫൈവിന് 155 ഉം ഒട്ടുപാലിന് (70 ശതമാനം ഡി.ആർ.സി ) 91 രൂപയുമാണ് .

## കോട്ടയം കൊച്ചി വില തമ്മിൽ കിലോക്ക് അഞ്ചു രൂപയുടെ കുറവുള്ളത് കോട്ടയത്തെ സാധാരണ കർഷകരെയാണ് ഏറെ ബാധിക്കുന്നത്. റബർ ബോർഡ് ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ല.

വിലയിൽ വർദ്ധനവ് ഉണ്ടായെങ്കിലും ഉത്പാദന ചെലവുമായി നോക്കിയാൽ പ്രയോജനമില്ല.

ജോയ് തോമസ് (റബർ കർഷകൻ )