
കോട്ടയം: ഇടക്കാല ബഡജ്റ്റാണെങ്കിലും കേന്ദ്ര ബഡ്ജറ്റിൽ ജില്ലയ്ക്ക് ഏറെ പ്രതീക്ഷ. റബർ വിലയിലടക്കം കർഷകർക്ക് കൈത്താങ്ങാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബഡ്ജറ്റായതിനാൽ സാധാരണക്കാർക്കും പ്രതീക്ഷകളേറെയുണ്ട്.
മുൻ ബഡ്ജറ്റുകളിൽ റെയിൽവേ വികസനത്തിന് മാത്രമാണ് കാര്യമായ വിഹിതം നീക്കിവച്ചത്. കൃഷി, ടൂറിസം മേഖലകൾക്ക് അർഹിച്ച വിഹിതം ലഭിച്ചില്ല. ശബരിമല വിമാനത്താവളവും ശബരി റെയിലും കോട്ടയം വഴി കൂടുതൽ ട്രെയിനുകളും സ്റ്റേഷനുകളുടെ വികസനനും ഉൾപ്പെടെ പ്രതീക്ഷകൾ ഏറെയുണ്ട്.
റബറിന് എന്ത്
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെ പ്രതീക്ഷയർപ്പിക്കുന്ന കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളുടെ നട്ടെല്ല് റബറാണ്. ഈ സാഹചര്യത്തിലാണ് ഈ മേഖലയ്ക്ക് കരുത്തു പകരുന്ന തീരുമാനം ഉണ്ടാകമോയെന്ന് കർഷകർ ഉറ്റുനോക്കുന്നത്. പ്രതിസന്ധിയിൽ നട്ടം തിരിയുന്ന റബർ ബോർഡിന് കൂടുതൽ കൈത്താങ്ങുവേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. ഇതിനിടെ റബറിനെ വടക്കു കിഴക്കൻ മേഖലയിലേയ്ക്ക് പറിച്ചുനടാനുള്ള നീക്കങ്ങളുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. കൂടുതൽ കേന്ദ്രസഹായം കർഷകർ പ്രതീക്ഷിക്കുന്നു.
ചെറുവള്ളി വിമാനത്താവളം
അതിവേഗം നടപടികൾ മന്നോട്ടു നീങ്ങുന്ന ചെറുവള്ളി വിമാനത്താവളത്തിനായി പ്രത്യേക പ്രഖ്യാപനമുണ്ടാകമോയെന്നതും ചോദ്യമാണ്. സംസ്ഥാനത്തെ മറ്റു വിമാനത്താവള നിർമാണങ്ങൾക്കൊന്നും ഉണ്ടാകാത്ത രീതിയിലുള്ള അനുകൂല ഘടകങ്ങൾ നിലനിൽക്കുന്ന ചെറുവള്ളിയിൽ കേന്ദ്ര സഹായം കൂടുതലായുണ്ടായാൽ 2029 ൽ തന്നെ വിമാനമിറക്കാൻ കഴിയുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.
ടൂറിസം
കുമരകത്തിനായി അടുത്തിടെ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരുന്നുവെങ്കിലും പ്രഖ്യാപിക്കുന്ന പല പദ്ധതികളും പൂർത്തീകരണത്തിലെത്തില്ലെന്നതാണ് വിനോദ സഞ്ചാര മേഖലയുടെ അനുഭവം. വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവു പകരുന്ന കൂടുതൽ പ്രഖ്യാപനങ്ങൾ ജില്ല പ്രതീക്ഷിക്കുന്നുണ്ട്. ജി 20 ഷെർപ്പ സമ്മേളനം വിജയകരമായി നടത്തി കേന്ദ്രത്തിനു മുന്നിൽ കുമരത്തിന്റെ കീർത്തി ഉയർന്നു നിൽക്കുന്ന സാഹചര്യവും അനുകുല ഘടകമായി വിലയിരുത്തുന്നു.
ഐ.ഐ.ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കായി പ്രത്യേക പാക്കേജുകൾ എന്നിവ വിദ്യാർത്ഥികളുടെ പ്രതീക്ഷകളാണ്.