vija

കോട്ടയം: ഡയനീഷ്യയെന്ന വീടിന്റെ മുറ്റത്ത് കാരണവരെപ്പോലെ നിൽക്കുന്ന നടൻ വിജയരാഘവന്റെ മുഖത്ത് സന്തോഷം ഒഴുകിപ്പരക്കുന്നുണ്ട്. പോയ വർഷം കനിഞ്ഞനുഗ്രഹിച്ചതിന്റെ ആനന്ദം പൂത്തുലയുന്നു. പൂക്കാലത്തിൽ തുടങ്ങി പേരില്ലൂർ പ്രീമിയർ ലീഗെന്ന വെബ്സീരീസ് വരെ നീണ്ട പോയവർഷപ്രയാണം ഹിറ്റുകളുടേതായിരുന്നു. വ്യത്യസ്ഥ വേഷങ്ങൾ, പ്രേക്ഷകർ സ്വീകരിച്ച സിനിമകൾ...വിജയരാഘവനെന്ന പേര് അന്വർത്ഥമാക്കി. അരനൂറ്റാണ്ടുകാലത്തെ അഭിനയ ജീവിതത്തിൽ മാറ്റങ്ങളുടെ ഭാഗമായി. നാടകവും സീരിയലും സിനിമയും ഒടുവിൽ വെബ്സീരിയസും.

കഴിഞ്ഞ മാസമാണ് റിലീസായതെങ്കിലും പേരില്ലൂർ പ്രീമിയർ ലീഗിന്റെ ഷൂട്ട് കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. പൂക്കാലത്തിലെ നൂറു വയസുകാരൻ ഇട്ടൂപ്പിൽ തുടങ്ങി പേരില്ലൂർ പ്രീമിയർ ലീഗിലെ പഞ്ചായത്ത് പ്രസിഡന്റ് പീതാംബരൻ വരെയുള്ള ഒരുപിടി കഥാപാത്രങ്ങൾ. ഹിറ്റ് ചിത്രങ്ങളിൽ എല്ലാം പ്രധാന വേഷങ്ങളിൽ വിജയരാഘവന്റെ പേരും ചേർത്തുവയ്ക്കുന്നു. ജീവിത പരിസരത്ത് കണ്ടുപരിചയമുള്ള കഥാപാത്രങ്ങൾ. തനിമ ചോരാതെയുള്ള അവതരണം.

'' കഴിഞ്ഞ വർഷം എനിക്ക് ഭാഗ്യവർഷമായിരുന്നു. ഇട്ടൂപ്പിലായിരുന്നു തുടക്കം. പിന്നീട് പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൽ തോക്കുംപിടിച്ചുള്ള മീശ മാത്തച്ചൻ. നെയ്മറിൽ ജീവതം ആഘോഷമാക്കിയ ചാക്കോള, ആന്റണിയിൽ കണ്ണുകാണാത്ത അവറാൻ. മധുര മനോഹര മോഹത്തിൽ കരയോഗം പ്രസിഡന്റ് ഇന്ദ്രസേനക്കുറുപ്പ്, ഒരുപാട് പൊലീസ് വേഷം ചെയ്തെങ്കിലും നായകനോട് വൈകാരികമായ അടുപ്പം പുലർത്തുന്നതായിരുന്നു കണ്ണൂർ സ്ക്വാഡിലെ എസ്.പി കൃഷ്ണലാൽ'' വിജയരാഘവൻ പറയുന്നു.
'' ഫിലിം കാമറയുടെ കാലത്ത് നിന്നാണ് തുടക്കം. അന്ന് സ്റ്റാർട്ട് ആക്ഷൻ പറഞ്ഞതിന് പിന്നാലെ ഫിലിമിന്റെ റീൽ കറങ്ങുന്ന ശബ്ദം കേൾക്കാം.ആ ശബ്ദം അഭിനയിക്കാനുള്ള ഊർജം നൽകിയിരുന്നു. ഇപ്പോൾ എത്ര ദൂരെ നിന്ന് പോലും ക്ളോസ് ഷോട്ട് വയ്ക്കാവുന്ന വിധം ഡിജിറ്റൽ കാറമകളിലേയ്ക്ക് മാറി. ഈ മാറ്റങ്ങളുടെ കൂടെ പോകാൻ കഴിഞ്ഞു'' വാക്കുകളിൽ അഭിമാനം.