പാലാ: രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി കുരവൻകുന്ന് നിവാസികൾ പാറമട ലോബിയുടെ ഭീഷണിയിലാണെന്ന് പഞ്ചായത്ത് മെമ്പർ ആന്റണി പാലൂക്കുന്നേൽ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പാറമടയ്‌ക്കെതിരായി ഒരു കൂട്ടം ആളുകൾ സമരം ചെയ്ത കോട്ടമലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കുരവൻകുന്ന് മലയും ഇപ്പോൾ പാറമട ഭീഷണിയിലാണെന്ന് മെമ്പർ പറയുന്നു. 45 ഡിഗ്രിയോളം ചെരിവുള്ള കുരവൻകുന്ന് മലയുടെ വശങ്ങളിൽ വലിയ ഉരുളൻ കല്ലുകൾ അടുക്കിവെച്ച നിലയിലാണുള്ളത്. പാറമടയുടെ പ്രഹരം ഈ ഉരുളൻ കല്ലുകളെ താഴേക്ക് എത്തിക്കുമെന്ന് ഭീഷണിയിലാണ് പ്രദേശവാസികൾ. കളക്ടർക്കും പഞ്ചായത്ത് അധികൃതർക്കും പ്രദേശവാസികൾ പരാതി നൽകി. പത്രസമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർ ആന്റണി പാലുകുന്നേലിനൊപ്പം റോബിൻ തേവലക്കാട്ട്, ആന്റണി മേമന, അഗസ്റ്റിൻ വടക്കേടത്ത്, രാജു മങ്ങാട്ട്കാട്ടിൽ, കുട്ടിച്ചൻ നടയ്ക്കുപുറത്ത് എന്നിവർ പങ്കെടുത്തു.