ചങ്ങനാശേരി : ബ്ലാക്ക് സ്‌പോട്ട് ഏരിയയായി പ്രഖ്യാപിച്ചിട്ടും എം.സി റോഡിൽ തുരുത്തി മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്ത് അപകടങ്ങൾ വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ദിവസം പിക്കപ്പ് വാനിടിച്ച് കുറിച്ചി ചെറുവേലിപ്പടിയിൽ രണ്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന ചങ്ങനാശേരി വെങ്കോട്ട വർഗീസ് (58), വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ (62) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്തെ കഴിഞ്ഞ അഞ്ചുവർഷത്തെ അപകടങ്ങ കണക്കുകളുടെ അടിസ്ഥാനത്തിൽ തുരുത്തി കാനാ മുതൽ പുന്നമൂട് വരെ ബ്ലാക്ക് സ്‌പോട്ട് പട്ടികയിൽ റോഡ് സേഫ്റ്റി അതോറിറ്റി രേഖപ്പെടുത്തിയിട്ട് നാളുകളായി. എന്നിട്ടും അമിതവേഗത്തിന് പൂട്ടിടാനായിട്ടില്ല. രാത്രിയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളതും ഈ ഭാഗങ്ങളിലാണ്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ സമീപത്തെ വീടുകളുടെ മതിലിലേക്ക് ഇടിച്ചു കയറുന്നതും പതിവാണ്. പുന്നമൂട് ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായില്ല. കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ സിഗ്നൽ പ്രവർത്തിക്കാതായിട്ട് ആഴ്ചകളായി. അപകടമുണ്ടായാൽ കുറച്ച് ദിവസം പൊലീസ് പരിശോധന നടത്തുന്നതല്ലാതെ മറ്റ് നടപടികളില്ല.

അപകടങ്ങൾക്ക് ഇടയാക്കുന്നത്
വാഹനങ്ങളഉടെ അമിത വേഗത
റോഡരികിലെ അനധികൃത പാർക്കിംഗ്
അപകട നിയന്ത്രണ സംവിധാനങ്ങൾ ഇല്ല
സീബ്രാലൈനിന്റെ അഭാവം