m

ഇങ്ങനെയൊരു പുസ്തകമേ അയ്യപ്പപ്പണിക്കർക്കു ചേരൂ എന്നു തോന്നി. ഈ പുസ്തകത്തിന്റെ പുറം ചട്ട ശ്രദ്ധിക്കൂ. ഷൈബു മുണ്ടക്കൽ വരച്ച ചതുരക്കള്ളികളിൽ ഒതുങ്ങാത്ത മുഖ ചിത്രങ്ങൾ. അദ്ധ്യാപകനോ, കവിയോ, കാരണവരോ, ചിന്തകനോ? ആ ചിത്രശകലങ്ങൾ ധ്വനിപ്പിക്കുതേയുള്ളൂ. എന്നാൽ അയ്യപ്പപ്പണിക്കരുടെ നിറഞ്ഞ മുഖങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക? ഒന്നിലും നിറയാത്ത, നിറക്കാനാവാത്ത, ആ മഹദ്‌വ്യക്തിത്വത്തെ നാം എങ്ങനെ അറിയണം? പ്രിയദാസ് മംഗലത്ത് ശ്രമിക്കുന്നുണ്ട് -41 ഹ്രസ്വ ലേഖനങ്ങളിൽ, ഓർമ്മക്കുറിപ്പുകളിൽ, നിർവ്യാജമായ ആസ്വാദനങ്ങളിൽ ('ഓർക്കുക മറ്റൊരു രൂപം:/നിദ്രകളിൽ പലതായി മുറിഞ്ഞും മുറി/കൂടാച്ചെറു നിദ്രകളിൽച്ചിതറും/നിഴൽ പോലൊരു രൂപം' എന്ന് കുടുംബപുരാണത്തിലെ മൂന്നാം ഘണ്ഡത്തിൽ) കാവ്യശകലങ്ങളുടെ പോലും ഗുരുത്വം താങ്ങാനുള്ള കഴിവ് അവയുടെ നിരൂപക‌ർക്കില്ലാത്ത നേരത്ത്, ഒരു 'പഠന'ത്തിന് മുതിരാത്ത പ്രിയദാസ് പിന്നെ എന്തിന്
ഈ പുസ്തകം എഴുതി ? 'മനസ്സിൽ നന്മനിറഞ്ഞ ആഗ്രഹങ്ങളുമായി ജീവിക്കുന്ന വായനക്കാർ നമ്മുടെ സമൂഹത്തി
ലുണ്ട്' (ഉപസംഹാരം,187); അവർക്കു വേണ്ടിയുള്ള ഉപസംഹാരമാണിത്. 'ചെറുനന്മകൾ' എന്ന വാക്ക് അയ്യപ്പപ്പണിക്കരല്ലാത്ത ആരും പ്രവർത്തിച്ചോ പറഞ്ഞോ എനിക്ക് അറിവില്ല. അദ്ധ്യാപനത്തിലും, മറ്റ് സാഹിത്യസപര്യകളിലും അദ്ദേഹത്തിന്റെ കൈമുതൽ ആ 'ചെറുനന്മകൾ' മാത്രമായിരുന്നു. ആരെയും ശിഷ്യപ്പെടുത്താതെ, ആരുടെയും ശിഷ്യനാകാതെ, കടന്നുപോയ ആ മനുഷ്യൻ
മറ്റൊന്നും നമ്മിൽ നിന്ന് പ്രതീക്ഷിച്ചും കാണില്ല. പ്രിയദാസ് അതു ധരിച്ച്, അനുഭവിച്ച്, പങ്കുവച്ച ഈ കുറിപ്പുകളുടെ ധന്യതയും അതുതന്നെ.
തന്നെക്കൊണ്ട് ആവുതേ ശ്രമിക്കൂ. ആ ശ്രമിത്തിന്റെ പാരമ്യത്തിൽ ഇനിയും ചിലതൊക്കെ ആവാമല്ലോ എന്ന് തുടർന്നുചിന്തിക്കുന്ന മനസ്സിനെ കൃത്യമായി നിലനിറുത്തുമ്പോഴാണ് അയ്യപ്പപ്പണിക്കരുടെ വിഖ്യാതങ്ങളായ പല കൃതികളും ജനിക്കുന്നത്. ചില കവിതകളുടെ പദപ്രയോഗങ്ങൾ ആദ്യത്തെ വരികളിൽ സൂചന തരുന്നത് ഇങ്ങനെ,

എങ്കിലുമവയുടെ നിക്തശക്തി-
യുദാരം ......

കുടുംബപുരാണം, 1968

ധരയിതു തലമുറ പലമുറ കണ്ടവൾ
കരയാം പിന്നെച്ചിരിയായ് പടരാം...

ധാത്രിധരിത്രി, 1979

വൃഥയിൽ നിന്നു വീര്യം കൊ-
ണ്ടുയുരുന്നൊരു താളമായ്
ഇന്നു നാവോരു പാടുന്നേൻ

മനുഷ്യന്റെ മഹാകഥ

ഗോത്രയാനം, 1985 - 89

സാറെന്താ ഇന്നു മരത്തിൽ കയറിയിരിക്കുന്നത്?
എന്നു ഞാന്‍ തമാശമട്ടില്‍ ചോദിച്ചപ്പോൾ....

മരംകേറി, 2004

ആ തുടക്കങ്ങൾ അത്ര ശ്രദ്ധിക്കാതെ മുന്നോട്ടു വായിക്കുന്നവരെ നിരാശപ്പെടുത്തുന്ന കവി, അല്പമൊന്ന് വഴിമാറി സഞ്ചരിക്കുന്നത് അദ്ദേഹത്തിന്റെ സംഭാഷണ കവിതകളിലാവാം. അത്യുന്നതങ്ങളിൽ വാഴുമ്പോഴും തന്മ (തനിമ, തനതിന്റെ ഉണ്മ) കൈവിടാത്തതെല്ലാം
നിരർത്ഥവും അസംബന്ധവും ആണെന്ന് നമ്മെ ധരിപ്പിക്കുന്നത് അയ്യപ്പപ്പണിക്കരുടെ തനി സ്വഭാവമാണ്. അങ്ങനെയുള്ള ധാരാളം കവിതാസന്ദർഭങ്ങൾ പ്രിയദാസ് ഓർമ്മിച്ചെടുക്കുന്നുണ്ട്. 'അയ്യപ്പപ്പണിക്കർ, ഒരു നിഷേധ മാതൃക' തുടങ്ങി പല ഖണ്ഡങ്ങളിലും ആ വെറും മനുഷ്യന്റെ ജീവിതത്തിലെ അദ്ധ്യാപകനെ, മാർഗ്ഗദർശിയെ, പരോപകാരിയെ, പ്രിയദാസ് കാണിച്ചു തരുന്നുമുണ്ട്. രാഷ്ട്രീയമോ? ധാരാളമായുണ്ട്. രാഷ്ട്രത്തെ അറിഞ്ഞതുകൊണ്ടാണല്ലോ വിഖ്യാതങ്ങളായ അദ്ദേഹത്തിന്റെ 1975-76ലെ ' മഹാരാജാ' കാർട്ടൂൺ തുടങ്ങി പലതും കടന്നുവരുന്നത്. ഹാസ്യം മറയ്ക്കുന്ന മറ്റൊരു രാഷ്ട്രീയവും ആ വിഖ്യാത സംരംഭങ്ങളിലുണ്ട്. ഇനിയെന്നാണ് ഒരു അടിയന്തരാവസ്ഥ ഉണ്ടാവുക എന്ന ഭയമൊന്നും അയ്യപ്പപ്പണിക്കർക്ക് ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടില്ല. അടിയന്തരങ്ങൾ എന്നത്തേയും അവസ്ഥയാവുമ്പോഴാണല്ലോ ഇടതു-വലത് ഇണ്ടനമ്മാവന്മാർ ഉണ്ടാവുന്നത്. 'പിന്നെ.......' എന്ന് നിറുത്താതെ ചൊറിയുന്ന കാലുകളിലെ ചെളിയും നീർക്കെട്ടും സ്വന്തമാക്കിയവരെ (ഇണ്ടൻ) അദ്ദേഹമല്ലാതെ മറ്റാരെങ്കിലും അറിഞ്ഞിട്ടുണ്ടോ നമ്മുടെ കവികളിൽ? സംശയമാണ്.

ഒത്താശ - ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ദുർമുഖങ്ങളിൽ നിന്ന് കണ്ണെടുക്കാൻ ആഗ്രഹിച്ചതുകൊണ്ടാവണം ഒരു സർവകലാശാലയുടെ കുലപതിക്കസേര കൊടും ചതിയാണെന്ന് അന്നേ അറിഞ്ഞിരുന്നത്. പാണ്ഡ്യത്തത്തിന്റെ മറുപുറം അല്ലാതെ ആ തിരിച്ചറിവ് മറ്റെന്താണ്?
മറ്റുള്ളവരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും തന്നാലാകുന്ന വിധത്തിൽ ചേരും പടി ചേർക്കാവുന്നവരെ ചേർക്കുകയും ചെയ്തിരുന്ന അയ്യപ്പപ്പണിക്കരെ 'സംക്രമണ' കാലത്തിലൂടെ മാത്രമല്ല പ്രിയദാസ് അവതരിപ്പിക്കുന്നത്. ദാർശനികതലത്തിലെ കവി നമ്മുടെ
ആസ്വാദനത്തിന്റെ പരിമിതികൾ ഓർമ്മപ്പെടുത്തുന്നതായി പ്രിയദാസ് അറിയുന്നുണ്ട്. ജീവന്റെ ചാക്രികസ്വഭാവം കവിതകളിലും ലേഖനങ്ങലിലും അയ്യപ്പപ്പണിക്കർ ധ്വനിപ്പിച്ചിരുന്നുവെങ്കിലും തിരിയാനാവാത്തവരെ ഒരു തത്വം പഠിപ്പിക്കുന്ന തിരിവ് ഒരു ഉദ്ധരണിയിലൂടെ പ്രിയദാസ് സാധിച്ചെടുക്കുന്നുണ്ട്. (167-68) നമ്മുടെ നല്ല നേരങ്ങളിൽ ഓർമ്മിക്കുവാൻ എന്നു കരുതിയാവണം ഒരല്പം ദീർഘമായി തന്നെ ചക്രം ചൊല്ലി 'പത്തുമണിപ്പൂക്കൾ'എന്ന കവിതാസമാഹാരത്തിന്റെ ആസ്വാദനം പ്രിയദാസ് അവസാനിപ്പിക്കുന്നത്.

സ്വന്തം കവിതകളോടു ചേർത്തുവയ്ക്കാവുന്ന അനേകം പരിഭാഷകളുടെ അധികാരികൂടിയാണ് അയ്യപ്പപ്പണിക്കർ. പകലുകൾ രാത്രികൾ തുടങ്ങിയ കവിതകൾ വായിക്കുമ്പോൾ എലിയറ്റിന്റെ ഈസ്റ്റ് കോക്കർ അറിയാതെ നാം ഓർമ്മിച്ചുപോവും. ആ പരിഭാഷയുടെ 122-129 വരികൾ ശ്രദ്ധിച്ചാൽ അയ്യപ്പപ്പണിക്കർ എലിയറ്റിനോട് സംവദിക്കുന്നതായിപ്പോലും തോന്നും.

ചിന്തിക്കാനൊന്നുമില്ലെന്ന ഭയം മാത്രം അവശേഷിക്കുമ്പോൾ
അല്ലെങ്കിൽ ഈതറിനു വശപ്പെട്ടു മനസ്സു ബോധവത്തെങ്കിലും,
ഒന്നിനെപ്പറ്റിയും ബോധവത്തല്ലാതായിരിക്കുമ്പോൾ
എന്റെ ആത്മാവിനോട് ഞാൻ പറഞ്ഞു: നിശ്ചലമായിരിക്കൂ.

കാരണം, പ്രത്യാശ തെറ്റായ കാര്യത്തിനുള്ള പ്രത്യാശയായെന്നു വരാം;
സ്‌നേഹം കൂടാതെ കാത്തിരിക്കൂ-
കാരണം, സ്‌നേഹം തെറ്റായ കാര്യത്തിനുള്ള സ്‌നേഹമായെന്നു വരാം.
എങ്കിലും വിശ്വാസമുണ്ടല്ലോ-
പക്ഷേ വിശ്വാസവും സ്‌നേഹവും പ്രത്യാശയും എല്ലാം,
കാത്തിരിപ്പിലാണുള്ളത്.
ചിന്ത കൂടാതെ കാത്തിരിക്കുക. കാരണം,
ചിന്തക്ക് നിങ്ങൾ തയ്യാറായിട്ടില്ല.

(കലാകൗമുദി, 692. ഡിസംമ്പർ 18,1988 പുറം 36)

ഇന്നും വായിച്ചു തീരാത്ത ഒരു സമാഹാരമായി അയ്യപ്പപ്പണിക്കർ നിലകൊള്ളുന്നു. ആവശ്യമില്ലാത്ത വേവലാതികളും വേർതിരിവുകളും വെടിഞ്ഞ് ശാന്തമായി ആ സമാഹാരം മറിച്ചു നോക്കണമെങ്കിൽ പ്രിയദാസിനെപ്പോലുള്ള സാക്ഷികളെ നമുക്ക് ആവശ്യമുണ്ട്. അത്രയേ ഈ ചെറിയ, നല്ല, പുസ്തകത്തിന് അവതാരിക എഴുതിയ എം.കെ.സാനുവും പറയുന്നുള്ളൂ. 'കാലമതീവ വിശാലം കാമിനി/കളയുക കരയും ശീലം നാമിനി' എന്നല്ലേ ?