
തിരുവനന്തപുരത്ത് ജനിച്ചു വളർന്ന് സിനിമ മാത്രം സ്വപ്നം കണ്ട ചെറുപ്പക്കാരന്റെ കഥയാണ് പറഞ്ഞു വരുന്നത്. പേര് : വിഷ്ണു രവി ശക്തി. പുതുവർഷത്തിൽ മാംഗോ മുറി എന്ന സിനിമ തിയേറ്ററിൽ ഇടം പിടിച്ചപ്പോൾ സംവിധായകനാവുക എന്ന വർഷങ്ങൾ നീണ്ട ആഗ്രഹം സഫലമായതിന്റെ ആഹ്ളാദത്തിലാണ് വിഷ്ണു. കാര്യവട്ടം ക്യാമ്പസിൽ ' സിനിമാ ജീവി" യായി കഴിഞ്ഞ വിഷ്ണുവിന്റെ മാംഗോ മുറി പിറന്നതും തിരുവനന്തപുരത്ത് . ബ്ളസിയുടെയും രഞ്ജിത്തിന്റെയും ലിജോ ജോസ് പെല്ലിശേരിയുടെയും ശിഷ്യനായി പ്രവർത്തിച്ചതാണ് പരിചയ സമ്പത്ത്.വിഷ്ണു രവി ശക്തി സംസാരിക്കുന്നു.
ഇഷ്ടം തോന്നുന്ന
സിനിമ
മാംഗോ മുറി എന്ന് പറയുന്നത് മാങ്ങയുടെ ഒരു കഷണമാവാം. മാംഗോ കൊണ്ടുള്ള ഒരു മുറി ആവാം. അത് സിനിമയിൽ കൃത്യമായി പറയുന്നുണ്ട്. ഈ ഒരു പേരിൽ തന്നെയുണ്ട് സിനിമ. വളരെയധികം സസ്പെൻസ് നിറഞ്ഞ സിനിമയെന്ന് വിശേഷിപ്പിക്കാം. ഒരു കഥയ്ക്കിടയിൽ അനവധി വിഷയങ്ങൾ അങ്ങനെയാണ് ഈ സിനിമ പോകുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ആദ്യ പകുതി ചോദ്യവും രണ്ടാം പകുതി ഉത്തരവുമാണ്. മനുഷ്യ മനസുകളുടെ വികാര വിചാരങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ് കഥാപരിസരം. ജാഫർ ഇടുക്കി, സിബി തോമസ്, ശ്രീകാന്ത് മുരളി, പി. എ ലാലി, കണ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ രസകരമായി തന്നെ എല്ലാവരും അവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയരായ അർപ്പിതും അജിഷ പ്രഭാകരനും മറ്റൊരു മുതൽക്കൂട്ടെന്ന് പറയാം. വാണിജ്യപരമായും കലാപരമായും പുതിയൊരു അനുഭവം തന്നെയായിരിക്കും നൽകുക എന്ന് പ്രതീക്ഷിക്കുന്നു. എന്തെങ്കിലും പുതിയതായി ചെയ്യണമെന്ന് ആഗ്രഹിച്ച് ചെയ്ത സിനിമയാണ്. സ്ഥിരം പാറ്റേണിൽ നിന്ന് വളരെ വ്യത്യസ്തം. എന്നാൽ ഒരു പരീക്ഷണ സിനിമയുമല്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ.
കാത്തിരിപ്പിന്റെ
സുഖം
സംവിധാനം ചെയ്യാനൊരുങ്ങിയപ്പോൾ ചെറിയ ആശങ്ക മനസിൽ ഉണ്ടായിരുന്നെങ്കിലും നല്ലൊരു ടീമിനെ ലഭിച്ചതിനാൽ ബുദ്ധിമുട്ട് തോന്നിയില്ല. ഓരോ ഷോട്ടും മനസിലാക്കി താരങ്ങൾ ഞാൻ ആഗ്രഹിച്ച പോലെ തന്നെ ചെയ്തു. നിർമ്മാതാവിനെ കിട്ടുക വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമായിരുന്നു. സിനിമയുടെ കഥ എന്റേതാണ്. തിരക്കഥ ഞാനും സുഹൃത്ത് തോമസ് സൈമണും കൂടി ചേർന്നാണ്. ശ്രീനിവാസനോടാണ് ആദ്യം കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ കാരണങ്ങളാൽ നടന്നില്ല. പിന്നീടാണ് ജാഫർ ഇക്കയോട് കഥ പറയുന്നത്. എന്നാൽ ഓരോ ഘട്ടത്തിലും വളരെ വേഗത്തിൽ തന്നെ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു . അധികം അലച്ചിലില്ലാതെ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
എന്നും
സിനിമയുണ്ട്
സിനിമ തന്നെയായിരുന്നു എപ്പോഴും മനസിൽ. വർഷങ്ങൾ കാത്തിരുന്നെങ്കിലും ഒരിക്കലും ഉപേക്ഷിക്കാൻ തോന്നിയില്ല. മറ്റൊരു ജോലി തേടി പോയതുമില്ല. മാംഗോ മുറിയ്ക്ക് മുൻപ് പല പ്രോജക്ടുകൾക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ ആഗ്രഹിച്ച പോലെ നല്ലൊരു സിനിമ ചെയ്യാൻ സാധിച്ചു. അതിൽ സന്തോഷമുണ്ട്. മാംഗോ മുറി ടീമുമായി തന്നെയാണ് അടുത്ത സിനിമയും.വൈകാതെ ഉണ്ടാവും.