
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിയെ കരകയറ്റാൻ സത്വര നടപടികൾക്ക് പുതിയ ഗതാഗത മന്ത്രി തയ്യാറാകണം. നഷ്ടത്തിൽ ഓടുന്ന സർവീസുകൾ പൊതുജനാഭിപ്രായം തേടി പുനഃക്രമീകരിക്കണം. കൂടാതെ ഗ്രാമീണ മേഖലകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണം. യൂണിറ്റ് അടിസ്ഥാനത്തിൽ ആർ.ടി.ഒമാർക്കും എ.ടി.ഒമാർക്കും ബസ് ഓപ്പറേറ്റിംഗ് ഉദ്യോഗസ്ഥർക്കും മാസത്തിലൊരിക്കൽ പരിശീലനം നൽകണം. ആവശ്യാനുസരണം ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ കൺട്രോളിംഗ് ഇൻസ്പെക്ടർമാർക്ക് അധികാരം നൽകണം. കൂടാതെ കോടികൾ മുടക്കി പണികഴിപ്പിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ കെട്ടിടങ്ങളും കടമുറികളും സുതാര്യമായി വാടകയ്ക്ക് നൽകി വരുമാനം വർദ്ധിപ്പിക്കണം. പല കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെയും കെട്ടിട സമുച്ചയങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഇത് വാടകയ്ക്ക് നൽകി അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കണം. കെ.എസ്.ആർ.ടി.സി വിനോദ യാത്രകൾക്കായി കൂടുതൽ ആകർഷകവും സൗകര്യപ്രദവുമായ ബസ്സുകൾ ലഭ്യമാക്കണം. തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കിയാൽ ഒരുപരിധിവരെ കെ.എസ്.ആർ.ടി.സിക്ക് നഷ്ടം നികത്താനാകും
റോയി വർഗീസ്,
ഇലവുങ്കൽ മുണ്ടിയപ്പള്ളി
ജനങ്ങളോടുള്ള
മോശം പെരുമാറ്റം നിറുത്തണം
സർക്കാർ ഓഫീസുകളിൽ ജനങ്ങളോട് ജീവനക്കാരുടെ മോശം പെരുമാറ്റം ഉണ്ടാകുന്നതായുള്ള പരാതികൾ മുൻപ് പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. നിലവിൽ ഭൂരിഭാഗം സർക്കാർ ഓഫീസുകളിലും ഒരു വിഭാഗം ജീവനക്കാർ മാന്യമായിട്ടാണ് ജനങ്ങളോട് പെരുമാറുന്നത്. എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന നഴ്സിംഗ് കൗൺസിൽ ഓഫീസ് സർട്ടിഫിക്കറ്റ് പുതുക്കൽ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി നിത്യേന നൂറു കണക്കിന് പേർ വിവിധ ജില്ലകളിൽ നിന്നും ഇവിടെ വന്നു പോകുന്നു. നഴ്സിംഗ് കൗൺസിൽ അന്വേഷണങ്ങൾ എന്ന സെക്ഷനിൽ ഇരിക്കുന്ന സ്റ്റാഫുകളാണ് അപേക്ഷകൾ സ്വീകരിക്കുന്നതും വരുന്നവരുടെ സംശയങ്ങൾ ദൂരീകരിക്കേണ്ടതും. എന്നാൽ ഇവിടെ ഇരിക്കുന്ന സ്റ്റാഫുകളിൽ ചിലർ കയർത്തു ജനങ്ങളോട് പെരുമാറുന്നു.. ക്ഷമാപൂർവം സംശയങ്ങൾ പറഞ്ഞു നൽകാനും പെരുമാറാനും യാതൊരു വിധ ട്രെയിനിംഗും ഇവർക്ക് നൽകിട്ടില്ലെന്ന് ഉറപ്പാണ്. വരുന്ന അപേക്ഷകരോട് മാന്യമായി പെരുമാറാൻ നിർദ്ദേശം നൽകണം. ജനങ്ങൾ എങ്ങനെ ഈ സ്ഥാപനത്തെ വിലയിരുത്തുന്നു എന്ന് അറിയാൻ ഇടക്ക് ഗൂഗിൾ റിവ്യൂ കൂടി നോകിയാൽ നന്ന്.
അജയ്
തിരുവനന്തപുരം
അവഗണനകൾക്ക് ഇരകളായ ലാസ്റ്റ് ഗ്രേഡ് വി.ഐ.പികൾ
ജീവിതത്തിന്റെ വസന്തകാലം മുഴുവൻ ജനങ്ങൾക്കുവേണ്ടി ഹോമിച്ച റിട്ട. പൊലീസ് സേനാംഗങ്ങൾ സർക്കാരിന്റെ അവഗണനകളുടെ ഇരകളാകുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അവരുടെ കാവൽഭാടന്മാരായി പൊലീസ് സേനയിൽ സേവനം അനുഷ്ഠിച്ചവർ, അമിതമായ ജോലിഭാരം കൊണ്ടുരോഗികളായി വിരമിക്കേണ്ടിവന്നവർ വി.ഐ.പി പരിവേഷമല്ല ആഗ്രഹിക്കുന്നത്. അവർ കഷ്ടപ്പെട്ടു വിയർപ്പൊഴുക്കി ജോലി ചെയ്തതിനു അവർക്കു ലഭിക്കേണ്ട അവകാശപ്പെട്ട നീതിയാണുവേണ്ടത്. അതാണു വർഷങ്ങളായി ഇവിടെ നിഷേധിച്ചിരിക്കുന്നതും.
പൊലീസ് സേനയിൽ നിന്നും വിരമിക്കുന്നവരുടെ ക്ഷേമ കാര്യങ്ങൾക്കു ഊന്നൽ നൽകിക്കൊണ്ടു പൊലീസ് ആക്ടിൽ അവരുടെ ആരോഗ്യ സംരക്ഷണവും സാമ്പത്തിക സുരക്ഷയും ഉറപ്പു
വരുത്തണമെന്നു നിർദ്ദേശമുണ്ടെങ്കിലും അതു വെറുമൊരു കടലാസ് രേഖമാത്രമായിട്ടാണ് സർക്കാർ കാണുന്നത്. കോടതി വിധികളോടുകൂടി വിരമിച്ച പൊലീസുകാരുടെ ആവലാതികളും പരാതികളുമടങ്ങിയ ഒരു ഫയൽ വർഷങ്ങളായി ആഭ്യന്തര വകുപ്പിൽ ചുവപ്പുനടയിൽ കുരുങ്ങി ശ്വാസം മുട്ടികയാണ്. നീതി ആവശ്യപ്പെട്ട് കൊണ്ട് ആയിരക്കണക്കിനു വിരമിച്ച പോലീസുകാർ നവകേരള സദസിൽ പരാതികൾ നൽകി കാത്തിരിക്കുകയാണ്.
എം. പ്രഭാകരൻ നായർ,
മുൻ സംസ്ഥാന വൈസ് പ്രസിഡ ന്റ്, പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ