murder

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും അപഹരിച്ച കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ. ഇവരിൽ നിന്ന് ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ശനിയാഴ്ച വൈകിട്ടാണ് എഴുപത്തിമൂന്നുകാരനായ ജോർജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ടത്.

കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചത് രണ്ട് കൈലി മുണ്ടും ഒരു ഷർട്ടുമാണ്. ശരീരത്തിൽ മറ്റു മുറിവുകളോ മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ ഇല്ല. കഴുത്തിലുണ്ടായിരുന്ന ഒൻപത് പവന്റെ മാലയും നഷ്ടപ്പെട്ടിരുന്നു.

എട്ടു പവന്റെ മാലയും ഒരുപവന്റെ കുരിശു ലോക്കറ്റുമാണ് ഉണ്ടായിരുന്നത്. കൊളുത്ത്, പൊട്ടിയ നിലയിൽ കണ്ടെത്തി.

മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിരുന്നു. മണം പിടിച്ചോടിയ പൊലീസ് നായ മേക്കൊഴൂർ റോഡിൽ ആൾത്താമസമില്ലാത്ത വീടിൻറെ മുന്നിലെത്തി നിന്നു. ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കുകളും നഷ്ടമായിരുന്നു.