medicalcollege-

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ചീഫ് നഴ്സിംഗ് ഓഫീസർക്കും നഴ്സിംഗ് സൂപ്രണ്ടിനുമെതിരെ അച്ചടക്ക നടപടി. ഡി എം ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പ്രശ്നം കെെകാര്യം ചെയ്തതിൽ ചീഫ് നഴ്സിംഗ് ഓഫീസര്‍ സുമതി, നഴ്സിംഗ് സൂപ്രണ്ട് ബെറ്റി ആന്റണി എന്നിവര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും സ്ഥലംമാറ്റുകയായിരുന്നു.

ചീഫ് നഴ്സിംഗ് ഓഫീസറെ തിരുവനന്തപുരത്തേയ്ക്കും നഴ്സിംഗ് സൂപ്രണ്ടിനെ കോന്നി മെഡിക്കൽ കോളേജിലേയ്ക്കുമാണ് സ്ഥലം മാറ്റിയത്. അതിജീവിതയ്ക്കായി നഴ്സ് അനിത ഇവര്‍ മുഖേനയാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ വേണ്ട രീതിയില്‍ ഇരുവരും നടപടി എടുത്തില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ വിരമിക്കാനിരിക്കെയാണ് വീശദീകരണം പോലും ചോദിക്കാതെയുള്ള സ്ഥലംമാറ്റം. അതേ വിഷയത്തിൽ സീനിയർ നഴ്സിംഗ് ഓഫീസർ പി ബി അനിതയെ ഇടുക്കിയിലേയ്ക്ക് സ്ഥലംമാറ്റിയിരുന്നു. അനിത ട്രെെബ്യൂണലിനെ സമീപിച്ച് രണ്ടുമാസത്തേക്ക് സ്റ്റേ സമ്പാദിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽ ഗ്രേഡ് വൺ അറ്റൻഡർ എം എം ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇതേത്തുടർന്ന് ഇയാളെ അറസ്റ്റുചെയ്തിരുന്നു. പ്രതിയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കൂടാതെ അതിജീവതയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലും കുറ്റപത്രം നൽകി.