d

മാളവിക മോഹനനും നിധിയും നായികമാർ

ബോക്സോഫീസിൽ സലാർ ചരിത്ര വി‌ജയം നേടുമ്പോൾ പ്രഭാസ് ഇനി അഭിനയിക്കാൻ പോകുന്നത് മാരുതി സംവിധാനം ചെയ്യുന്ന രാജ ഡീലക്സ് എന്ന ചിത്രത്തിൽ. മാളവിക മോഹനനും നിധി അഗർവാളുമാണ് നായികമാർ. ഇരുവരും പ്രഭാസിന്റെ നായികമാർ ആവുന്നത് ആദ്യമായി ആണ്. പൊങ്കൽ ദിനത്തിൽ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് രാജാ ഡീലക്സ് ഒരുങ്ങുന്നത്. അതേസമയം കേരള ബോക്സോഫീസിൽ 13 കോടി രൂപ ഒരാഴ്ചക്കൊണ്ട് സലാർ നേടിയെന്നാണ് റിപ്പോർട്ട്. കേരള ബോക്സോഫീസിൽ വിജയം കൊയ്യുന്ന മൂന്നാത്തെ വലിയ അന്യഭാഷ ചിത്രമായി സലാർ മാറുന്നു. ബാഹുബലി 2, ആർ ആർ ആർ എന്നീ സിനിമകൾക്ക് പിന്നാലെയാണ് സലാറിന്റെ നേട്ടം. പ്രഭാസിന്റെ ശക്തമായ തിരിച്ച് വരവെന്ന് ആരാധകർ സലാറിനെ വിശേഷിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ ചിത്രം ഡങ്കിക്ക് ഒപ്പം കളാഷ് റിലീസായ സലാർ പ്രീബുക്കിംഗ് റിക്കാർഡ് മുതൽ മുന്നിലാണ്. കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ആദ്യമായി കൈകോർത്ത സലാറിൽ പ്രഥ്വിരാജും പ്രധാന കഥാപാത്രത്തിൽ എത്തുന്നു. അതേസമയം, ബാഹുബലിക്ക് ശേഷം നേട്ടം കൊയ്യാൻ കഴിയാതെ പോയ പ്രഭാസിന് സലാർ പുതുജീവൻ നൽകുമ്പോൾ ആരാധകാർ വീണ്ടും ആവേശം പകർന്ന് കൽക്കി 2898 എഡി റിലീസിന് ഒരുങ്ങുന്നു. തെലുങ്കിലെ ശ്രദ്ധേയ സംവിധായകനായ നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രം 300 കോടിയാണ് ബഡ്ജറ്റ്. അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കമൽ ഹാസൻ ആണ് പ്രതിനായകൻ. ജൂണിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. മുകേഷ് കുമാർ സിംഹ സംവിധാനം ചെയ്യുന്ന വിഷ്ണു മഞ്ചു ചിത്രം

കണപ്പയിൽ അതിഥി വേഷത്തിൽ പ്രഭാസ് എത്തുന്നുണ്ട്. പുരാണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശിവന്റെ വേഷമാണ് പ്രഭാസിന്.