
കൊച്ചി: കളിക്കുന്നതിനിടെ അടുത്ത വീട്ടിലേയ്ക്ക് തെറിച്ചുപോയ പന്ത് എടുക്കാൻ പോയ കുട്ടിയ്ക്ക് മർദ്ദനമേറ്റതായി പരാതി. കൊച്ചി തൃപ്പൂണിത്തുറയിലാണ് സംഭവം.
തൃപ്പൂണിത്തുറ ഗാന്ധിസ്‌ക്വയറിന് സമീപം വളത്തിക്കടവ് കോളനിയിലെ അനിൽ കുമാറിന്റെ മകൻ പത്തുവയസുകാരനായ നവീനാണ് അയൽവാസിയിൽ നിന്ന് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടിയായിരുന്നു സംഭവം.
കുട്ടികൾ വീടിന് സമീപത്തുനിന്ന് പന്തുകളിക്കുകയായിരുന്നു. ഇതിനിടയിൽ പന്ത് അയൽവാസിയായ ബാലന്റെ വീടിന്റെ മതിൽക്കെട്ടിനുള്ളിൽ ചെന്നുവീണു. പിന്നാലെ കുട്ടി മതിൽ ചാടിക്കടന്ന് പന്ത് എടുത്തു. ഇതിനിടെ ബാലൻ വടിയുമായി എത്തി മർദ്ദിക്കുന്നതും കുട്ടി തിരിച്ച് മതിൽ ചാടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മതിൽ ചാടിയ കുട്ടിയ്ക്ക് എഴുന്നേൽക്കാനാകാതെ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആശുപത്രിലെത്തി കുട്ടിയുടെ മൊഴി എടുത്തതിന് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് മരട് പൊലീസ് അറിയിച്ചു. കുട്ടിയെ മർദ്ദിച്ച ബാലനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചതായും വിവരമുണ്ട്.