tiruchi

ചെന്നൈ: വീടിന്റെ മേൽക്കൂര തകർന്നുവീണ് നാലുപേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ അരിമംഗലത്തിനടുത്ത് കീഴ അംബികാപുരത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ സി മാരിമുത്തുവിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. 1972ൽ പണിത വീടാണിത്.

ചെന്നൈയിൽ ഒരു അനുശോചന ചടങ്ങിൽ പങ്കെടുക്കാൻ മാരിമുത്ത് പോയിരുന്ന സമയത്തായിരുന്നു ദുരന്തമുണ്ടായത്. മേൽക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഹാളിൽ കിടന്നുറങ്ങിയവരാണ് മരണപ്പെട്ടത്. മാരിമുത്തുവിന്റെ അമ്മ ശാന്തി (75), ഭാര്യ വിജയലക്ഷ്മി (45), മക്കളായ പ്രദീപ (12), ഹരിണി (10) എന്നിവരാണ് മരിച്ചത്.

രാവിലെ ഏഴുമണിയോടെയാണ് പ്രദേശവാസികൾ സംഭവം അറിയുന്നത്. അയൽക്കാരൻ വീടിന്റെ ടെറസിൽ കയറിയപ്പോൾ മാരിമുത്തുവിന്റെ വീടിന്റെ മേൽക്കൂര തകർന്നുകിടക്കുന്നതായി കാണുകയായിരുന്നു. പിന്നാലെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് എട്ടുമണിയോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തുകയും നാലുപേരെയും പുറത്തെടുക്കുകയും ചെയ്തെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തിരുച്ചിറപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അരിയമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.