
നാഗ്‌പൂർ: ഭർത്താവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ പൊലീസിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ നാഗ്‌പൂർ ജില്ലയിലാണ് സംഭവം. അവാഡി സ്വദേശിയായ ആനന്ദ് ഭാഡുജി പാട്ടീൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ അമിതമായ മദ്യപാന ശീലം മൂലം സഹികെട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ അരുണ പാട്ടീൽ പൊലീസിനോട് പറഞ്ഞു.
ആനന്ദ് മദ്യത്തിന് അടിമയായിരുന്നെന്നും മദ്യപിക്കാനായി തന്നോട് പലപ്പോഴും പണം ആവശ്യപ്പെട്ടിരുന്നുവെന്നും അരുണ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയും മദ്യപിക്കാൻ പണം ചോദിച്ചതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഉറങ്ങാൻ കിടന്ന ആനന്ദിന്റെ തലയിൽ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം രാവിലെ ന്യൂ കാംപ്റ്റി പൊലീസ് സ്റ്റേഷനിലെത്തി അരുണ കീഴടങ്ങുകയായിരുന്നു.