
തിരുവനന്തപുരം: ഗ്രാമീണ സർവീസുകൾക്കായി പുതിയ ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കുട്ടി ബസുകളായിരിക്കും ഇതിനായി വാങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഗണേഷ് കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
'കുട്ടി ബസുകൾക്ക് മൈലേജ് കൂടുതലാണ്. ടയറിനും വില കുറവാണ്. പല റൂട്ടുകളിലും വളരെ കുറവ് യാത്രക്കാരാണുള്ളത്. ഗ്രാമീണ മേഖലകളിൽ ധാരാളം പുതിയ റോഡുകൾ വന്നിട്ടുണ്ട്. കുട്ടി ബസുകൾ ആരംഭിച്ചാൽ വളരെ പ്രയോജനകരമാവും.
2001ൽ കൊണ്ടുവന്ന പരീക്ഷണം വീണ്ടും ആവർത്തിക്കും. ദീർഘദൂര ഡ്രൈവർമാർക്ക് എ സി താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്. വിദ്യാർത്ഥി കൺസഷൻ വർദ്ധിപ്പിക്കേണ്ട ആവശ്യമില്ല. വിദ്യാർത്ഥികൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ക്ളാസുകളുള്ള ദിവസങ്ങളിൽ മാത്രം കൺസഷൻ നൽകണം. ഇതിനായി പ്രത്യേക പാസ് നൽകുന്നത് പരിഗണനയിലില്ല'- മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. എൽ.ഡി.എഫ് ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയാക്കിയ അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ രാജിവച്ച ഒഴിവിലാണ് ഇവർ ചുമതലയേറ്റത്.
കടന്നപ്പള്ളിയ്ക്ക് രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ് എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഗണേഷ് കുമാറിന് റോഡ് ഗതാഗതം, മോട്ടോർ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകളും നൽകി. അതേസമയം, ട്രാൻസ്പോർട്ടിനൊപ്പം സിനിമയും വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം സർക്കാർ തള്ളുകയും ചെയ്തു.