
തിരുവനന്തപുരം: തിരുവല്ലത്ത് നടന്ന അപകടം മത്സരയോട്ടത്തിനിടെയുണ്ടായതെന്ന് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് ബൈക്കുകളുടെ ഹാൻഡിലുകൾ തട്ടിയാവാം അപകടം സംഭവിച്ചതെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് മത്സരയോട്ടമെന്ന് വ്യക്തമായത്.
മരിച്ച ഒരു യുവാവിന്റെ ഫോണിൽ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ ദേശീയ പാതയുടെ കല്ലിൻമൂട് ഭാഗത്തായാണ് അപകടം സംഭവിച്ചത്. പാച്ചല്ലൂർ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ചത്.
അടുത്തിടെ കോവളം ബൈപ്പാസിൽ നിന്ന് തിരുവല്ലത്തേക്ക് അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് വീട്ടമ്മയും ബൊക്കോടിച്ച യുവാവും മരിച്ചിരുന്നു. പൊട്ടക്കുഴി സ്വദേശി അരവിന്ദ് ഓടിച്ച ബൈക്കാണ് വീട്ടമ്മയായ സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചത്, ഇടിയുടെ ആഘാതത്തിൽ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തിൽ കുടുങ്ങി കിടന്നിരുന്നു. ഇവരുടെ കാൽ അറ്റുപോയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് വച്ചുത്തന്നെ സിന്ധു മരിക്കുകയായിരുന്നു.
ഇടിച്ച ശേഷം ബൈക്കിൽ നിന്നും തെറിച്ചു പോയ അരവിന്ദിനെ റോഡരികിലെ ഓടയിൽ നിന്നാണ് നാട്ടുകാർ കണ്ടെത്തിയത്. പിന്നാലെ യുവാവും മരിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാം റീൽസിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.