boy

കായംകുളം: പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരനെ പൊലീസ് ലാത്തികൊണ്ട് മർദിച്ചെന്ന് പരാതി. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അടിയേറ്റ ഒമ്പതുവയസുകാരൻ ആശുപത്രിയിൽ ചികിത്സതേടി. കുട്ടിയുടെ ദേഹത്ത് ലാത്തിയടിയേറ്റതിന്റെ പാടുകളുണ്ട്.

പുതുവത്സരാഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് കാണാനാണ് ഒമ്പതുവയസുകാരനായ അക്ഷയ് വന്നത്. ഇതിനിടയിൽ സ്ഥലത്തെ യുവാക്കളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മഫ്തിയിലുണ്ടായിരുന്ന പൊലീസ് ഫെെബർ ലാത്തികൊണ്ട് തന്നെയും അച്ഛനെയും അടിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. എന്നാൽ കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഗതാഗത തടസം ഉണ്ടാക്കിയ യുവാക്കൾക്കെതിരെയാണ് ലാത്തി വീശിയതെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കളിക്കുന്നതിനിടെ അടുത്ത വീട്ടിലേയ്ക്ക് തെറിച്ചുപോയ പന്ത് എടുക്കാൻ പോയ കുട്ടിയ്ക്ക് മർദ്ദനമേറ്റതായി പരാതി ഉയർന്നിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലാണ് സംഭവം. തൃപ്പൂണിത്തുറ ഗാന്ധിസ്‌ക്വയറിന് സമീപം വളത്തിക്കടവ് കോളനിയിലെ അനിൽ കുമാറിന്റെ മകൻ പത്തുവയസുകാരനായ നവീനാണ് അയൽവാസിയിൽ നിന്ന് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടിയായിരുന്നു സംഭവം.

കുട്ടികൾ വീടിന് സമീപത്തുനിന്ന് പന്തുകളിക്കുകയായിരുന്നു. ഇതിനിടയിൽ പന്ത് അയൽവാസിയായ ബാലന്റെ വീടിന്റെ മതിൽക്കെട്ടിനുള്ളിൽ ചെന്നുവീണു. പിന്നാലെ കുട്ടി മതിൽ ചാടിക്കടന്ന് പന്ത് എടുത്തു. ഇതിനിടെ ബാലൻ വടിയുമായി എത്തി മർദ്ദിക്കുന്നതും കുട്ടി തിരിച്ച് മതിൽ ചാടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മതിൽ ചാടിയ കുട്ടിയ്ക്ക് എഴുന്നേൽക്കാനാകാതെ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.