
കുടുംബ ബന്ധങ്ങൾക്കും ആചാരങ്ങൾക്കുമൊക്കെ വളരെയേറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഇന്ത്യ. വിവാഹം എന്നുപറഞ്ഞാൽ പുരുഷനും സ്ത്രീയും മാത്രം ഒത്തുചേരുന്ന ചടങ്ങായിട്ടല്ല നമ്മൾ കാണുന്നത്. രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് കല്യാണം.
ഹൽദി, മെഹന്ദി, പുടവ കൊടുക്കൽ , താലി ചാർത്തൽ, ബന്ധുക്കളിൽ നിന്ന് അനുഗ്രഹം വാങ്ങൽ, വിവാഹ ശേഷം വരന്റെ അമ്മ മധുരം നൽകുകയും തുടങ്ങി നിരവധി ചടങ്ങുകൾ വിവാഹത്തിന് ഉണ്ട്. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ചടങ്ങുകൾ വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു.
താലി കെട്ടിൽ തുടങ്ങി ഭക്ഷണത്തിൽ വരെ ആ വ്യത്യാസം പ്രകടമാണ്. ഉദാഹരണത്തിന് തിരുവനന്തപുരം ഭാഗങ്ങളിൽ ഹിന്ദു വിവാഹങ്ങളിൽ പരിപ്പ്, നെയ്, അച്ചാർ, അവിയൽ, പച്ചടി, സാമ്പാർ, രസം, മൂന്നോ നാലോ തരം പായസം, ബോളി തുടങ്ങി വിഭവ സമൃദ്ധമായ സദ്യയാണ് വിളമ്പുന്നതെങ്കിൽ, മലബാറുകാർക്ക് നോൺ വെജ് ഇല്ലാത്ത കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ചിക്കനോ മീനോ മട്ടനോ ഒക്കെ ഉണ്ടാകും.
ഇത്തരത്തിൽ രാജ്യത്തെ പലയിടങ്ങളിലുമുള്ള വിവാഹ ചടങ്ങുകൾ നിങ്ങളെ അമ്പരപ്പിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. വരന്റെ ചെരുപ്പ് മോഷ്ടിക്കൽ, മൂക്ക് പിടിച്ചുവലിക്കൽ തുടങ്ങി വിചിത്രമായ ചടങ്ങുകളാണ് ഓരോയിടത്തും നടക്കുന്നത്. അത്തരത്തിലുള്ള വിചിത്രമായ ചില ആചാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
വിവാഹത്തിന് അമ്മമാർ പങ്കെടുക്കരുത്
ഏതൊരമ്മയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും തന്റെ മകന്റെ അല്ലെങ്കിൽ മകളുടെ വിവാഹം കൺകുളിർക്കെ കാണുക എന്നത്. എന്നാൽ ബംഗാളിലെ പാരമ്പര്യമനുസരിച്ച് വധുവിന്റെയും വരന്റെയും അമ്മമാർ വിവാഹത്തിന് പങ്കെടുക്കില്ല. വിവാഹ ചടങ്ങുകളിൽ അമ്മമാരുടെ സാന്നിധ്യം 'അശുഭകരമായി'ട്ടാണ് ഇവർ കണക്കാക്കുന്നത്. എന്നിരുന്നാലും കാലം മാറിയതോടെ ഇതിൽ മാറ്റം വന്നിട്ടുണ്ട്. പലരും ഈ ആചാരം വലിയ രീതിയിൽ പിന്തുടരുന്നില്ല.

പുരോഹിതനില്ലാത്ത വിവാഹം
കൂർഗിലാണ് ഇത്തരത്തിലുള്ള വിവാഹങ്ങൾ നടക്കുന്നത്. വരന്റെയും വധുവിന്റെയും പൂർവ്വികരെ പ്രാർത്ഥിക്കുന്നു. തുടർന്ന് കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് വരനും വധുവും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു. ഗംഭീരമായ വിരുന്നും ഉണ്ട്.
വരന്റെ ചെവി പിടിച്ചുതിരിക്കുക
കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. മഹാരാഷ്ട്രയിലെ വിവാഹങ്ങളിലാണ് ഈ ആചാരമുള്ളത്. 'കാര്യ സമപ്തി (Karya Samapti)' എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. വധുവിന്റെ സഹോദരന്മാരാണ് വരന്റെ ചെവി പിടിച്ചുതിരിക്കുക. ഭർത്താവിന്റെ ഉത്തരവാദിത്തങ്ങളെയും ദാമ്പത്യ ചുമതലകളെയും കുറിച്ച് ഓർമ്മപ്പെടുത്തുകയാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്.

വരന്റെ വസ്ത്രങ്ങൾ കീറുക
സിന്ധി വിവാഹങ്ങളിൽ കണ്ടുവരുന്ന ഒരു ആചാരമാണിത്. വരന്റെ വസ്ത്രങ്ങൾ വലിച്ചുകീറുന്നു. 'ശാന്ത്' എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഭൂതകാലം ഉപേക്ഷിച്ച് പുതിയ ജീവിതം തുടങ്ങുന്നതിന്റെ പ്രതീകമായിട്ടാണ് വരന്റെ വസ്ത്രങ്ങൾ വലിച്ചുകീറുന്നത്. വരന്റെ കുടുംബാംഗങ്ങൾ തന്നെയാണ് ഇക്കാര്യം ചെയ്യുന്നത്.
വരന്റെ മൂക്കിൽ പിടിച്ചുവലിക്കുക
ചില ഗുജറാത്തി വിവാഹങ്ങളിലാണ് ഇത്തരമൊരു ആചാരം കണ്ടുവരുന്നത്. വധുവിന്റെ അമ്മ വരനെ ആരതിയും തിലകവും മധുരപലഹാരവുമൊക്കെ നൽകിയാണ് സ്വീകരിക്കുന്നത്. തുടർന്ന് വരന്റെ മൂക്ക് മൃദുവായി വലിക്കും. എന്നും വിനയത്തോടെയിരിക്കണമെന്ന് പറയുന്നതാണ് ഈ ആചാരം കൊണ്ട് ആർത്ഥമാക്കുന്നത്.

പാലിലും തേനിലും പാദങ്ങൾ കഴുകുക
കേരളത്തിൽ മാലയിട്ടും ബൊക്കെ നൽകിയുമൊക്കെയാണ് വധുവിന്റെ വീട്ടുകാർ വരനെ സ്വീകരിക്കുന്നത്. എന്നാൽ ചില ഗുജറാത്തി വിവാഹങ്ങളിൽ വരനെ വധുവിന്റെ വീട്ടുകാർ സ്വീകരിക്കുന്നത് വളരെ വിചിത്രമായ രീതിയിലാണ്. പാലും തേനും കൊണ്ട് വരന്റെ കാല് കഴുകും. തുടർന്ന് കുടിക്കാനും പാലോ തേനോ ഒക്കെ നൽകാറുണ്ട്.