neelamana-sisters

എംബിബിഎസ് മോഹം പൂവണിഞ്ഞിട്ടും കുട്ടിക്കാലത്ത് അണിഞ്ഞ ചിലങ്ക ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല ഈ സഹോദരിമാർ. ഇന്ന് കേരളത്തിനകത്തും പുറത്തും 'നീലമന സിസ്റ്റേഴ്‌സ്' എന്ന പേരിൽ നൃത്തരംഗത്ത് സജീവമാണ് ഈ ഡോക്‌ടർമാർ. ഇപ്പോൾ കലോത്സവം കൊല്ലത്തേയ്ക്ക് വിരുന്നെത്തുമ്പോൾ നീലമന സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഡോ. എൻ.എം.പദ്മിനിക്കും ഡോ. എൻ.എം.ദ്രൗപദിക്കും മനസിൽ ഓർമ്മകളുടെ തിരയിളക്കമാണ്.

കൊട്ടാരക്കര വാളകം ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായിരിക്കെയാണ് ദ്രൗപദി കലാതിലക പട്ടമണിഞ്ഞത്. 1997ലെ തിലകപ്പട്ടം തൊട്ടടുത്ത വർഷവും വിട്ടുകൊടുക്കാൻ തയ്യാറായില്ല ദ്രൗപതി. ചേച്ചി പത്മിനി അതേവർഷം കേരള സർവകലാശാല കലാതിലകമായി. അതിന് മുമ്പുള്ള ആറ് വർഷവും വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിൽ നിന്ന് പങ്കെടുത്ത ദ്രൗപദി കൊല്ലം റവന്യൂ ജില്ലാ കലാതിലകവുമായിരുന്നു. നൃത്ത ഇനങ്ങളിലൂടെയാണ് ഇരുവരും സമ്മാനങ്ങൾ വാരിക്കൂട്ടിയത്.

തമിഴ് പദ്യം ചൊല്ലൽ, പ്രച്ഛന്നവേഷം എന്നിവയിലും പദ്മിനി മിന്നി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ദ്രൗപദിയും കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പദ്മിനിയും മെഡിക്കൽ ബിരുദമെടുത്തു. അപ്പോഴും ചിലങ്കയഴിക്കാൻ ഇരുവരും തയ്യാറായില്ല. സ്റ്റെതസ്കോപ്പിൽ ജീവതാളവും ചിലങ്കയിൽ ജീവിതതാളവുമായി അവർ മുന്നേറുന്നതാണ് പിന്നീട് കണ്ടത്.

ദ്രൗപദി ഭരതനാട്യത്തിലും പദ്മിനി കുച്ചുപ്പുടിയും എം.എ ചെയ്തശേഷം നൃത്തലോകത്ത് സജീവമാവുകയായിരുന്നു. നീലമന സിസ്റ്റേഴ്സ് എന്ന പേരിൽ രണ്ടുപേരും ചേർന്ന് നൃത്തപരിപാടികൾ അവതരിപ്പിച്ച് തുടങ്ങി. സേവ് കിഡ്നി ഫൗണ്ടേഷൻ രൂപീകരിച്ച് വൃക്കരോഗികൾക്ക് സഹായ പദ്ധതികൾ നടപ്പാക്കി. ഇതിന് ഫണ്ട് സ്വരൂപിക്കാനായി ത്രിനേത്ര നൃത്തോത്സവങ്ങൾ സംഘടിപ്പിച്ച് കേരളത്തിനകത്തും പുറത്തും നീലമന സിസ്റ്റേഴ്സ് സജീവമാവുകയാണ്. ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടത്തി ലോക റെക്കാർഡ് സ്വന്തമാക്കിയ റിട്ട. ഡി.എം.ഒ കൊട്ടാരക്കര നീലമനയിൽ ഡോ. എൻ.എൻ.മുരളിയുടെയും യോഗവതി അന്തർജ്ജനത്തിന്റെയും മക്കളായ ഇരുവരും ചേർന്ന് നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.