j

ഗതാഗത വകുപ്പ് അനുമതി നൽകിയിട്ടും ധനവകുപ്പ് തടസ്സം നിൽക്കുന്നതിനാൽ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് കേവലമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പേരിൽ ജനങ്ങൾക്ക് ഉപകാരപ്രദമായി മാറേണ്ട കാര്യങ്ങളിൽ ഇടങ്കോലിടുന്നത് ഗുണകരമാകില്ലെന്ന് ആർക്കാണ് അറിയാത്തത്. കേരളത്തിലെ നഗരങ്ങളിൽ സർവീസ് നടത്താൻ പ്രധാനമന്ത്രി ഇ - ബസ് സേവാ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 ബസുകൾ സ്വീകരിക്കാൻ കഴിഞ്ഞ ഒക്ടോബർ നാലിനാണ് സംസ്ഥാന ഗതാഗത വകുപ്പ് സമ്മതം അറിയിച്ചത്.രാജ്യത്ത് പതിനായിരം ഇലക്ട്രിക് ബസുകൾ വിന്യസിക്കുന്ന സേവാ പദ്ധതി ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്കയാൽ ഈ പദ്ധതിയോടു തന്നെ കേരളം മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. ' കേന്ദ്രം വാടകയ്ക്ക് അനുവദിച്ച 950 ബസുകൾ നമുക്ക് വേണ്ട ' എന്ന തലക്കെട്ടിൽ ഞങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഇപ്പോൾ സ്ഥാനമൊഴിഞ്ഞ അന്നത്തെ ഗതാഗത മന്ത്രി ആന്റണിരാജു ഇടപെടുകയും ബസ് ലഭിക്കാൻ തന്റെ വകുപ്പിൽ നിന്നാവശ്യമായ നടപടിക്രമങ്ങൾ പാലിക്കുകയുമായിരുന്നു. തുടർ നടപടികൾ സ്വീകരിക്കണമെന്ന് ധന വകുപ്പിനെ അറിയിച്ചുവെങ്കിലും യാതൊരു നീക്കവും ധനവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാൽ കഴിഞ്ഞ ഡിസംബർ 14നു നടന്ന ടെൻഡർ നടപടികളിൽ കേരളം ഇടം പിടിച്ചതുമില്ല.

കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ന്യായമായ വിഹിതം പോലും ലഭിക്കുന്നില്ലെന്ന് വിലപിക്കുന്ന സർക്കാരിൽ നിന്ന് ഈ തരത്തിൽ ഒരു സമീപനം ആരും പ്രതീക്ഷിക്കുമെന്ന് തോന്നുന്നില്ല. ജനകീയനും സമർത്ഥനുമായ കെ.എൻ.ബാലഗോപാൽ ധനകാര്യമന്ത്രി പദം അലങ്കരിക്കുന്നതിനാൽ അങ്ങനെ കരുതാൻ പ്രയാസവുമാണ്.ഏത് സർക്കാർ ഭരിച്ചാലും ധന വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തിനും ഏതിനും ഉടക്കിടുന്ന ചില ഉദ്യോഗസ്ഥരുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ അതൊരു ശീലമാണ്. അങ്ങനെയേതെങ്കിലും ഉടക്കുവീരൻമാരുടെ കുബുദ്ധിയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെങ്കിൽ അവരെ നിലയ്ക്കു നിർത്താൻ ഇനി വൈകിക്കൂടാ.

പദ്ധതി പ്രകാരം ബസിന്റെ വാ​ട​ക​യി​ൽ​ ​40.7 ശതമാനവും കേന്ദ്രം വഹിക്കും.​ ബാക്കി വാടകയും ​ക​ണ്ട​ക്ട​റു​ടെ​ ​ചെ​ല​വും​ ​മാ​ത്ര​മാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി ​വ​ഹി​ക്കേ​ണ്ട​ത്. വരുമാനമാകട്ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് സ്വന്തവും. പദ്ധതി പ്രകാരം ബസുകൾ നേടുന്നതിന് ധനവകുപ്പ് പേമെന്റ് സെക്യൂരിറ്റി മെക്കാനിസം ഉണ്ടാക്കണം. സർക്കാരിന്റെ ഗ്യാരന്റിയാണത്. ഇതിന് കേന്ദ്ര സർക്കാരുമായി ചേർന്ന് 83 കോടിയുടെ കോർപ്പസ് ഫണ്ട് സ‌ൃഷ്ടിക്കണം. അതിൽ 48 കോടി സംസ്ഥാന വിഹിതമാണ്. ബസുകൾ നൽകുന്ന കമ്പനിക്ക് വാടക വിഹിതം കൃത്യമായി നൽകുന്നതിനും, വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിനും സർക്കാർ ഗ്യാരന്റി ഉറപ്പാക്കാനാണ് കോർപ്പസ് ഫണ്ട്.ഈ മാനദണ്ഡങ്ങളെല്ലാം പാലിച്ച മറ്റ് സംസ്ഥാനങ്ങൾ ഇതിനോടകം 3975 ബസുകൾ നേടി. ഈ വിഷയത്തിൽ എല്ലാ തടസങ്ങളും നീക്കി നമുക്ക് ലഭിക്കാനുള്ള ബസുകൾ നേടിയെടുക്കാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളുകയാണ് വേണ്ടത്.നാടിന്റെ വികസനമാണ് എല്ലാത്തിലും പ്രധാനമെന്ന് നാഴികയ്ക്കു നാല്പതുവട്ടം പറയുന്ന സർക്കാർ ഇക്കാര്യത്തിലും ആ നയസമീപനം പുലർത്തുകതന്നെ വേണം.