g

ടെൽ അവീവ്: പുതുവർഷ രാത്രിയിൽ ഖാൻ യൂനിസിലെ ബീച്ച് സ്ട്രീറ്റിൽ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി പാലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. കിഴക്കൻ ഗസ്സയിലെ സെയ്തൂനിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന ഇസ്രായേൽ ആക്രമണത്തിൽ അൽ അഖ്‌സ പള്ളി മുൻ ഇമാം ഡോ. യൂസുഫ് സലാമ (68) കൊല്ലപ്പെട്ടു. മുൻ ഫലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയാണ്. സെൻട്രൽ ഗാസയിലെ മഗാസി അഭയാർഥി ക്യാമ്പിലെ ഇദ്ദേഹത്തിന്റെ വീടിനുനേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേരാണു പങ്കെടുത്തത്.

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ പങ്കെടുത്തതായി അവകാശപ്പെട്ട മധ്യ ഗാസയിലെ ദേർ അൽ-ബലയിലെ ഹമാസ് കമാൻഡർ ആദിൽ മിസ്മയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. കൂടാതെ ഷെജയ്യയിലെ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും കേന്ദ്രങ്ങൾ ആക്രമിക്കുകയും വലിയ അളവിൽ ആയുധ ശേഖരങ്ങൾ കണ്ടെത്തുകയും ചെയ്തു. ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ 21,822 പേർ കൊല്ലപ്പെടുകയും 56,451 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

2023 ഏറ്റവും കൂടുതൽ പാലസ്തീനികൾ കൊല്ലപ്പെട്ട വർഷം

1948ന് ശേഷം ഏറ്റവും കൂടുതൽ പാലസ്തീനികൾ കൊല്ലപ്പെട്ട വർഷമാണ് 2023 എന്ന് പാലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്. കണക്കുപ്രകാരം 2023ൽ 22,404 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 22,141 പേരും ഒക്ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടതാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 9,000 കുട്ടികളും 6,450 സ്ത്രീകളും ഇതിലുൾപ്പെടുന്നു. വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത് 319 പേർ.