music

ചെന്നൈ: പ്രമുഖ കർണാടക സംഗീതജ്ഞൻ ഒ.എസ്.ത്യാഗരാജന് (76) വിട. സംസ്‌കാരം ഇന്നലെ നടന്നു. ഞായറാ‌ഴ്‌ച രാവിലെ ടി നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. മാർഗഴി മാസത്തോടനുബന്ധിച്ച് ചെന്നൈ വേളാച്ചേരിയിലെ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാഡമിയിൽ ഇന്നലെ നടക്കാനിരുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കാനിരിക്കെയായിരുന്നു അന്ത്യം. അക്കാഡമിയുടെ നീലകണ്ഠ ശിവൻ നാദ സുധാകര പുരസ്കാരത്തിനും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. സംഗീതത്തിൽ പാരമ്പര്യവും പുതുമയും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞ പ്രതിഭയായിരുന്നു ത്യാഗരാജൻ.

1947 ഏപ്രിൽ മൂന്നിന് ഡൽഹിയിൽ ജനനം. പിതാവ് സംഗീതഭൂഷണം ഒ.വി.സുബ്രഹ്മണ്യനാണ് ആദ്യ ഗുരു. ടൈഗർ വരദാചാരിയാർ, തഞ്ചാവൂർ പൊന്നയ്യപിള്ള എന്നിവരുടെ ശിഷ്യൻ. ക്ഷേത്രമാല, നടനപ്രകാശം, ദേവ ജഗന്നാഥ തുടങ്ങിയ സംഗീത ആൽബങ്ങൾ പുറത്തിറക്കി. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂ‌ർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കച്ചേരികൾ അവതരിപ്പിച്ചു. അണ്ണാമലൈ സർവകലാശാല ഫൈൻ ആർട്സ് വകുപ്പിൽ അദ്ധ്യാപകനും ഡീനുമായിരുന്നു. ദൂരദർശനിലും പ്രവർത്തിച്ചു. 2021ലെ സംഗീത നാടക അക്കാഡമി പുരസ്കാരം, സംഗീത കലാസാഗര പുരസ്കാരം, നാദഗാനകലാ പ്രവീണ പുരസ്കാരം, നദന ഭൂഷണം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: വൈദേഹി ത്യാഗരാജൻ. മക്കൾ: അർച്ചന സ്വാമിനാഥൻ(കുംഭകോണം), അപർണ ബാലാജി(യു.എസ്), ഭവാനി ശ്രീകാന്ത്(ചെന്നൈ). മരുമക്കൾ: സ്വാമിനാഥൻ, ബാലാജി(യു.എസ്), ശ്രീകാന്ത്. സംഗീതജ്ഞരായ ഒ.എസ്.അരുൺ, ഒ.എസ്.രാമമൂർത്തി, ഒ.എസ്.ശ്രിധർ, ഒ.എസ്.സുന്ദർ എന്നിവർ സഹോദരങ്ങളാണ്.