
കൊച്ചി: പുതിയ മോഡലുകൾ പുറത്തിറക്കിയും നിലവിലുള്ളവയുടെ മുഖം മിനുക്കിയും 2024 ൽ വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ മുൻനിര കാർ കമ്പനികൾ. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ്, കിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൊയോട്ട കിർലോസ്ക്കർ തുടങ്ങിയ കമ്പനികളെല്ലാം ചേർന്ന് 25ൽ അധികം പുതിയ മോഡലുകളാണ് ഈ വർഷം വിപണിയിൽ അവതരിപ്പിക്കുന്നത്.
ടാറ്റ മോട്ടോഴ്സിന്റെ എസ്.യു.വിയായ കർവ്, മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇവി.എക്സ് എന്നിവയാണ് വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഡലുകൾ. എസ്.യു.വി വിഭാഗത്തിൽ ഹ്യൂണ്ടായ് ക്രെറ്റ ഉൾപ്പെടെയുള്ള കമ്പനികളോട് മത്സരിക്കാനാണ് ടാറ്റ കർവ് എത്തുന്നത്. ഹാരിയർ, പഞ്ച് എന്നിവയുടെ വൈദ്യുതി വേരിയന്റുകൾ ടാറ്റ മോട്ടോഴ്സ് ഈ വർഷം വിപണിയിൽ അവതരിപ്പിക്കും.
ഇലക്ട്രിക് വാഹന വിപണിയിലെ സാദ്ധ്യതകൾ പൂർണമായും മുതലെടുക്കാൻ ലക്ഷ്യമിട്ട് മികച്ച സാങ്കേതികവിദ്യയും അധിക ബാറ്ററി ലൈഫുമുള്ള ഇ.വി.എക്സ് വിപണിയിൽ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം സ്വിഫ്റ്റ് ഡിസയറിന്റെ പുതിയ പതിപ്പും ഗ്രാൻഡ് വിറ്റാരയുടെ 7സീറ്ററും ഈ വർഷം വിപണിയിലെത്തും.
ക്രെറ്റായുടെ ഇലക്ട്രിക് വേർഷനൊപ്പം മുഖം മിനുക്കിയ മോഡലും വിപണിയിൽ അവതരിപ്പിക്കാനാണ് ഹ്യുണ്ടായ് ഒരുങ്ങുന്നത്. പുതിയ ഡിസൈനിൽ അധിക സാങ്കേതിക മേന്മയോടെ സോനറ്റിന്റെ പുതിയ മോഡൽ കിയ ഈ വർഷം അവതരിപ്പിക്കും. മഹീന്ദ്രയുടെ 2024 ലെ ഏറ്റവും വലിയ ലോഞ്ച് മഹീന്ദ്ര ഥാർ 5 ഡോറാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സ്.യു.വി700 ന്റെ ഇലക്ട്രിക് വേർഷനും വിപണിയിലെത്തും..
കിയയുടെ പുതിയ കാർണിവൽ, എം.ജിയുടെ എസ്.യു.വിയായ കോമറ്റ്, കിയ ഇലക്ട്രിക് വേരിയന്റായ ഇ.വി9, ടൊയോട്ട അർബൻ ക്രൂയിസർ ടെയിസർ എന്നിവയാണ് 2024 ൽ വിപണിയിലെത്തുന്ന പ്രധാന മോഡലുകൾ.