
ധാക്ക∙ നൊബേൽ ജേതാവും സാമ്പത്തിക വിദ്ഗധനുമായ മുഹമ്മദ് യൂനുസിനെ തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് തടവ് ശിക്ഷയ്ക്ക് വിധിച്ച് ബംഗ്ലദേശ് കോടതി. യൂനുസിനൊപ്പം ഗ്രാമീൺ ടെലികോമിലെ മൂന്ന് സഹപ്രവർത്തകർക്കും ശിക്ഷ വിധിച്ചു. കമ്പനിയിലെ തൊഴിലാളികൾക്ക് ക്ഷേമ ഫണ്ട് നടപ്പാക്കിയില്ലെന്ന കുറ്റത്തിനാണ് ആറ് മാസത്തെ ജയിൽ ശിക്ഷ വിധിച്ചത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതായി ജഡ്ജി ഖുർഷിദ് ആലം ഖാൻ പറഞ്ഞു. നാല് പേർക്കും ജാമ്യം അനുവദിക്കുന്നുവെന്നും ജഡ്ജി അറിയിച്ചു.
അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് യൂനുസിന്റെ അനുയായികൾ ആരോപിച്ചു. 83കാരനായ യൂനുസ് ബംഗ്ലദേശിലെ വ്യവസായിയും സാമ്പത്തിക വിദഗ്ധനും പ്രമുഖ നേതാവുമാണ്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചതിനാണ് 2006ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചത്.