satheesan

കോട്ടയം: മര്യാദയ്‌ക്ക് ജീവിക്കുന്ന ആൾക്കാരെ അപമാനിക്കാനാണ് മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിട്ടിരിക്കുന്നതെന്ന പരിഹാസവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ക്രിസ്‌ത്യൻ മതമേലദ്ധ്യക്ഷന്മാർക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ കഴിഞ്ഞ ദിവസത്തെ പരാമർശത്തിന് നേരെയാണ് പ്രതിപക്ഷനേതാവ് ഇങ്ങനെ പ്രതികരിച്ചത്. പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളുകൊടുത്തശേഷം ചീത്തവിളിപ്പിക്കാൻ ആളെ പറഞ്ഞുവിടുന്നപോലെയാണിതെന്നും മുഖ്യമന്ത്രിയുടെ അറിവോടെ മര്യാദയ്ക്ക് ജീവിക്കുന്നവരെ അപമാനിക്കാനാണ് സജി ചെറിയാനെ വിട്ടതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി വിളിപ്പിച്ച സദസിൽ ക്രൈസ്‌തവ നേതാക്കൾ പോയത് തെറ്റല്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടിയ്‌ക്ക് വിളിച്ചാൽ പോകേണ്ടിവരും. അതിന് പോയവരെ കളിയാക്കുകയും പരിഹസിക്കുകയുമല്ല വേണ്ടതെന്നും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലത് ഭംഗിയായി പ്രകടിപ്പിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നവകേരള സദസിൽ പങ്കെടുത്ത ആരെയെങ്കിലും കുറിച്ച് തങ്ങൾ മോശമായി പറഞ്ഞോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് എന്നാൽ നവകേരള സദസിലുടനീളം മന്ത്രി സജി ചെറിയാൻ തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോൺഗ്രസിൽ ഉയരുന്ന വി.എം സുധീരന്റെ വിമർശനങ്ങളെക്കുറിച്ച്, അഭിപ്രായഭിന്നത പാർട്ടിയ്‌ക്കുള്ളിലാണ് പറയേണ്ടത് എന്ന് വി.ഡി സതീശൻ പ്രതികരിച്ചു. നേതാക്കൾ അഭിപ്രായഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണ്.പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒന്നും താൻ ചെയ്യില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.