
ഇടുക്കി : വനിതാ സുഹൃത്തിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി സനീഷിനെയാണ് (30) മുറിയിലെ ടോയ്‌ലെറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം.
സനീഷും സുഹൃത്തായ യുവതിയും പുതുവർഷത്തലേന്നാണ് മൂന്നാറിലെ ഹോട്ടലിൽ മുറിയെടുത്തത്. തിിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ സനീഷ് ടോയ്‌ലെറ്റിൽ പോയിരുന്നു. ഏറെ കഴിഞ്ഞും സനീഷ് പുറത്തിറങ്ങാത്തതിനെ തുടർന്ന് വാതിൽ തകർത്തപ്പോഴാണ് ടോയ്‌ലെറ്റിൽ കഴുത്തിൽ കയർ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച രാവിലെയും വൈകിട്ടും സനീഷും സുഹൃത്തും ഹോട്ടലിലിരുന്ന് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം തിരുവനന്തപുരം . കല്ലറ മുതുവിളയിൽ ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു, മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ അയൽവാസികളാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മകനൊപ്പമായിരുന്നു താമസം. പുതുവത്സരാഘോഷത്തിന് മകൻ സജി വട്ടപ്പാറയിലുളള ഭാര്യയുടെ വീട്ടിൽ പോയിരുന്ന സമയത്താണ് ദമ്പതികൾ തൂങ്ങിമരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. സജി രാവിലെ കൃഷ്ണൻ ആചാരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഫോണിൽ കിട്ടാതിരുന്നപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. കൃഷ്ണൻ ആചാരിയെ ടോയ്‌ലെറ്റിലും വസന്തകുമാരിയെ കുളിമുറിയിലായുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഇരുവർക്കും വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒരുമിച്ചേ മരിക്കുകയുളളൂവെന്ന് ദമ്പതികൾ പലപ്പോഴും പറഞ്ഞിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പാങ്ങോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.