
പ്രായം 38 ആയിട്ടുണ്ടാകാം. യൂറോപ്പിലെ വമ്പൻ ക്ളബുകളിലൊന്നും കളിക്കുന്നില്ലായിരിക്കാം, പക്ഷേ പോയവർഷം രാജ്യത്തിനായും ക്ളബിനായും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ക്രിസ്റ്റ്യാനോ റൊണാൾഡോ. 54 ഗോളുകളുമായാണ് ക്രിസ്റ്റ്യാനോ ടോപ് സ്കോറർ പട്ടം ചൂടിയിരിക്കുന്നത്. സൗദി പ്രോലീഗിൽ അൽ നസ്‌റിനായി 43 ഗോളും പോർച്ചുഗലിനായി 10 ഗോളും സൂപ്പർതാരം നേടിയിട്ടുണ്ട്. എട്ടാംതവണയാണ് ക്രിസ്റ്റ്യാനോ കലണ്ടർവർഷം 50 ഗോൾ തികയ്ക്കുന്നത്. 2011,2012,2013,2014,2015, 2016,2017 വർഷങ്ങളിലാണ് ഇതിന് മുമ്പ് കിസ്റ്റ്യാനോ അമ്പതോ അതിലേറെയോ ഗോളുകൾ നേടിയിരുന്നത്.
ഹാരി കെയ്ൻ 52
ഇംഗ്ളണ്ട്നായകൻ ഹാരി കേനാണ് 2023ലെ ഗോളടിയിൽ രണ്ടാം സ്ഥാനത്ത്.ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്, ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം, ഇംഗ്ലണ്ട് ദേശീയ ടീം എന്നിവയ്ക്കുവേണ്ടിയാണ് കെയ്ൻ ഇത്രയും ഗോളുകൾ നേടിയത്.
കിലിയൻ എംബാപ്പെ 52
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.ക്കും ഫ്രാൻസിനും വേണ്ടിയായിരുന്നു എംബാപ്പെയുടെ ഗോൾവേട്ട. 233 ഗോളോടെ ഫ്രഞ്ച് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോററാകാനും യുവതാരത്തിനായി.
എർലിംഗ് ഹാളണ്ട് 50
മാഞ്ചെസ്റ്റർ സിറ്റിക്കും നോർവേ ടീമിനും വേണ്ടിയാണ് ഹാളണ്ട് ഗോളടിച്ചത്. 44 ഗോളുകൾ സിറ്റിക്കായും ആറ് ഗോളുകൾ നോർവേയ്ക്കായും നേടി.