g

കാലിഫോർണിയ: പിതാവിന്റെ കാറിൽ അലക്ഷ്യമായി സുക്ഷിച്ച തോക്കെടുത്ത് പത്ത് വയസ്സുകാരൻ വെടിവെച്ചതിൽ ''പത്ത് വയസ്സുകാരന്'' ദാരുണാന്ത്യം. കാലിഫോർണിയയിലെ സാക്രിമെന്‍റോയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം 4.30ഓടെയാണ് വെടിവയ്പ് നടന്നത്. വെടിയൊച്ച കേട്ടതിനെ തുടർന്ന് പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. കുട്ടിയുടെ തലയിലും കഴുത്തിലുമാണ് വെടിയേറ്റ്. പിതാവിന്റെ കാറിൽ നിന്ന് സിഗരറ്റ് അടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് ഡാഷ് ബോർഡിൽ അലക്ഷ്യമായി സൂക്ഷിച്ച തോക്ക് പത്ത് വയസുകാരന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതെടുത്ത് വീരവാദം നടത്തുന്നതിനിടെയാണ് തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിലെ പത്ത് വയസുകാരന് വെടിയേറ്റത്. വെടി കൊണ്ട് പത്ത് വയസുകാരൻ നിലത്ത് വീണത് കണ്ടതോടെ കുട്ടി സ്ഥലം വിട്ടു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിലാണ് 53കാരനൊപ്പം 10 വയസുകാരന്‍ കീഴടങ്ങിയത്. ആർക്കെറ്റ് ഡേവിഡ് എന്നയാളാണ് കുട്ടിക്കൊപ്പം പൊലീസിന് മുന്നിലേക്ക് എത്തിയത്. കൊലപാതകം അടക്കമുള്ള കുറ്റം ചുമത്തിയാണ് പത്ത് വയസുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷ്ടിച്ച തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കുട്ടിയുടെ ജീവിതം അപകടത്തിലാക്കിയതിനുമാണ് 53കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.