
ഇന്ത്യ - ദക്ഷിണാഫ്രിക്ക അവസാനക്രിക്കറ്റ് ടെസ്റ്റ് നാളെ കേപ്ടൗണിൽ തുടങ്ങുന്നു
രണ്ട് മത്സര പരമ്പര സമനിലയിലാക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യം
കേപ്ടൗൺ : ആദ്യ ടെസ്റ്റിലെ വൻ തോൽവിയുടെ നാണക്കേടുമാറ്റാനും രണ്ട് മത്സരപരമ്പര സമനിലയിലെങ്കിലുമാക്കാനുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവസാന ടെസ്റ്റിനിറങ്ങുന്നു. കഴിഞ്ഞവാരം സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 32 റൺസിനുമാണ് ഇന്ത്യ തോറ്റിരുന്നത്. ഇതോടെതന്നെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര വിജയം നേടുക എന്ന മോഹം ഉപേക്ഷിക്കേണ്ടിവന്ന രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും ഇനിയുള്ളത് നിലനിൽപ്പിന്റെ പ്രശ്നമാണ്. ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ വിജയം കുറിച്ചിരുന്ന വേദിയാണ് സെഞ്ചൂറിയൻ. അത്തവണ തുടർന്നുള്ള രണ്ട് ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ടു. ഇത്തവണ സെഞ്ചൂറിയനിൽതന്നയ തോറ്റതോടെ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദമേറിയിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കൻ ബൗളർമാർ മാന്യമായ പ്രകടനം നടത്തിയ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർക്ക് ഇരു ഇന്നിംഗ്സുകളിലും പിടിവിട്ടുപോയതാണ് സെഞ്ചൂറിയനിലെ തോൽവിക്ക് വഴിയൊരുക്കിയത്. ആദ്യ ഇന്നിംഗ്സിൽ കെ.എൽ രാഹുൽ സെഞ്ച്വറിയും (101) രണ്ടാം ഇന്നിംഗ്സിൽ വിരാട് കൊഹ്‌ലി (76) അർദ്ധസെഞ്ച്വറിയും നേടിയതൊഴിച്ചാൽ മറ്റ് ഇന്ത്യൻ ബാറ്റർമാർക്ക് ആർക്കും കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞതേയില്ല. ഓപ്പണർമാരായ രോഹിത് ശർമ്മയും (5,0) യശ്വസി ജയ്സ്വാളും (17,5) ഇരു ഇന്നിംഗ്സുകളിലും പരാജയമായിരുന്നു. ശ്രേയസ് അയ്യർ ആദ്യ ഇന്നിംഗ്സിൽ 31 റൺസും ശുഭ്മാൻ ഗിൽ രണ്ടാം ഇന്നിംഗ്സിൽ 26 റൺസും നേടി. ആ ഇന്നിംഗ്സുകളൊന്നും ടീമിനെ തുണച്ചതുമില്ല.
ജസ്പ്രീത് ബുംറ നാലുവിക്കറ്റും സിറാജ് രണ്ട് വിക്കറ്റും നേടിയെങ്കിലും ദക്ഷിണാഫ്രിക്കയെ വമ്പൻ സ്കോറിലെത്തുന്നതിൽ നിന്ന് ചെറുക്കാൻ ഇവരെക്കൊണ്ടുമാത്രം കഴിഞ്ഞില്ല. അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണയിലും ശാർദൂൽ താക്കൂറിലും ക്യാപ്ടൻ രോഹിത് ശർമ്മ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെടുത്ത രവി ചന്ദ്രൻ അശ്വിൻ ബാറ്റിംഗിലും ബൗളിംഗിലും കാര്യമായ സംഭാവനയൊന്നും നൽകിയില്ല. 19 ഓവറുകൾ എറിഞ്ഞ അശ്വിന് ഒരു വിക്കറ്റാണ് ലഭിച്ചത്. ആൾറൗണ്ടറായി പരിഗണിക്കാവുന്ന ശാർദൂൽ താക്കൂറും ആ നിലയിൽ പരാജയമായിരുന്നു. ഒരു വിക്കറ്റാണ് ശാർദൂലിനും ലഭിച്ചത്. ബൗളിംഗ് ഓപ്ഷനുകൾ മാറ്റിപരീക്ഷിക്കുന്നതിൽ രോഹിതിന് സംഭവിച്ച പാളിച്ചകളും തോൽവിക്ക് വഴിയൊരുക്കി.
ദക്ഷിണാഫ്രിക്കയ്ക്ക്
എതിരാളി പരിക്ക്
രണ്ടാം ടെസ്റ്റിനൊരുങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാകുന്നത് പരിക്കാണ്. ആദ്യ ടെസ്റ്റിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ് ബാറ്റ് ചെയ്യാൻ കഴിയാതിരുന്ന നായകൻ ടെംപ ബൗമ ഇല്ലാതെയാകും നാളെ കേപ്ടൗണിൽ ആതിഥേയർ ഇറങ്ങുക.
ആദ്യ ടെസ്റ്റിൽ പരിക്കേറ്റിരുന്ന യുവ പേസർ ജെറാൾഡ് കോറ്റ്സേയ്ക്കും രണ്ടാം ടെസ്റ്റിൽ കളിക്കാൻ കഴിയില്ലെന്നാണ് ആസിക്കുന്ന വിവരം. കോറ്റ്സെ ആദ്യ ടെസ്റ്റിൽ ഒരു വിക്കറ്റേ വീഴ്ത്തിയിരുന്നുള്ളൂ.
പരിക്കേറ്റ വെറ്ററൻ പേസർ ലുംഗി എൻഗിഡിയെക്കൂടാതെയാണ് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന് ഇറങ്ങിയത്. എൻഗിഡി രണ്ടാം ടെസ്റ്റിലും ഉറപ്പില്ല. എൻഗിഡിക്ക് കളിക്കാനായില്ലെങ്കിൽ വിയാൻ മുൾഡർ പ്ളേയിംഗ് ഇലവനിലെത്തും.
ഇന്ത്യൻ പേസർ ശാർദൂൽ താക്കൂറിന് കഴിഞ്ഞദിവസം പരിശീലനത്തിനിടെ പന്ത് തോളിൽ കൊണ്ട് പരിക്കേറ്റിരുന്നു. ഇതോടെ പരിക്ക് മൂലം ദക്ഷിണാഫ്രിക്കയിലേക്ക് പോകാതിരുന്ന ഷമിക്ക് പകരക്കാരനായി ആവേശ് ഖാനെ ടെസ്റ്റ് ടീമിൽ എടുത്തിരിക്കുകയാണ് ഇന്ത്യ.