
ന്യൂഡൽഹി : പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരൻ ഗോൾഡി ബ്രാറിനെ കേന്ദ ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു . യു.എ.പി.എ നിയമപ്രകാരമാണ് കേന്ദ്രം നടപടിയെടുത്തത്. കാനഡയിൽ കഴിയുന്ന സതീന്ദർജിത് സിംഗ് എന്ന ഗോൾഡ് ബ്രാറിന് നിരോധിത സിഖ് സംഘടനയുമായി ബന്ധമുണ്ടെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ഇയാൾക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശിയായ ഇയാൾ 2017ലാണ് കാനഡയിലേക്ക് കടന്നത്. നിലവിൽ കാനഡയിലെ ബ്രാംപ്ടണിലാണ് ഗോൾഡി ബ്രാർ ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ബാബർ ഖൽസ ഇന്റർനാഷണൽ എന്ന നിരോധിത തീവ്രവാദ സംഘടനയുമായി ചേർന്ന് ഇയാൾ പ്രവർത്തനം നടത്തുകയാണ് ഇയാളും കൂട്ടാളികളും ചേർന്ന് പഞ്ചാബിൽ സമാധാനവും സാമൂഹിക ഐക്യവും ക്രമസമാധാനവും തകർക്കാനുള്ള ഗൂഢാലോചന നടത്തുകയും വിധ്വംസക പ്രവർത്തനങ്ങളിലും ഭീകരാക്രമണങ്ങളിലും കൊലപാതകങ്ങളിലും മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങളിലും ഇയാൾ ഏർപ്പെടുകയും ചെയ്തതായി വിജ്ഞാപനത്തിലുണ്ട്.
കഴിഞ്ഞ മേയ് 28ന് പഞ്ചാബിലെ മാൻസ ജില്ലയിലുള്ള തന്റെ ഗ്രാമത്തിൽ വച്ചാണ് ഗായകൻ സിദ്ദു മൂസേവാല കാറിനുള്ളിൽ വച്ച് വെടിവച്ച് കൊന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു.