
മഞ്ചേരി: 47-ാമത് കേരള സംസ്ഥാന ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ തൃശൂരും വനിതാവിഭാഗത്തിൽ എറണാകുളവും ജേതാക്കളായി. പുരുഷ ഫൈനലിൽ തൃശൂർ നിലവിലെ ചാമ്പ്യന്മാരായ കോട്ടയത്തെ (70-63)ന് തോൽപ്പിച്ചുപ്പോൾ വനിതാ ഫൈനലിൽ തൃശ്ശൂർ 65-70 എന്ന സ്‌കോറിന് എറണാകുളത്തോടു പരാജയപ്പെട്ടു.
പുരുഷ ഫൈനലിൽ 28-30ന് പിന്നിലായിരുന്ന തൃശ്ശൂർ രണ്ടാംപകുതിയിലാണ് ജയം പിടിച്ചെടുത്തത്. 26 പോയിന്റുമായി ടോപ് സ്‌കോററായെത്തിയ മുഹമ്മദ് ഇർഫാനും 22 പോയിന്റ് നേടിയ മുഹമ്മദ് സഹലും ചേർന്നാണ് തൃശ്ശൂരിന് ജയമൊരുക്കിയത്. അമാൻഡ മരിയ റോച്ചസിന്റെയും അഭിരാമിയുടെയും മിന്നുന്ന പ്രകടനമാണ് വനിതാ വിഭാഗത്തിൽ എറണാകുളത്തെ ജയിപ്പിച്ചത്.
വിജയികൾക്കുള്ള സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി വേലാണ്ടി അച്ചു മാസ്റ്ററും, പി.കെ.എസ്. നായിഡു മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലിയും സമ്മാനിച്ചു. അന്തരിച്ച മലപ്പുറം ജില്ലാ ബാസ്‌ക്കറ്റ്ബാൾ അസോസിയേഷൻ മുൻ സെക്രട്ടറി ജഗദീഷ് ചന്ദ്രദാസിന്റെ പേരിൽ ഏർപ്പെടുത്തിയ ഏറ്റവും മൂല്യമേറിയ കളിക്കാരനുള്ള പുരസ്‌കാരം തൃശ്ശൂരിലെ മുഹമ്മദ് ഷഹീലിനും വനിതകളിൽ എറണാകുളത്തെ അമാൻഡ റോച്ചസിനും നൽകി.