wfi

ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം നിയമിച്ച അഡ്ഹോക്ക് കമ്മറ്റിയെ അംഗീകരിക്കില്ലെന്ന് പ്രസിഡന്റായി തിരഞ്ഞെടുപ്പിൽ വിജയിച്ച സഞ്ജയ് സിംഗ്. തങ്ങൾ നിശ്ചയിച്ച ദേശീയ ചാമ്പ്യൻഷിപ്പ് നടത്തുമെന്നും സഞ്ജയ് സിംഗ് വെല്ലുവിളിച്ചു. ലൈംഗികാരോപണത്തിൽപ്പെട്ട ബ്രിജ്ഭൂഷണിന്റെ അനുയായിയായ സഞ്ജയ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രമുഖ വനിതാ ഗുസ്തി താരം സാക്ഷി മല്ലിക്ക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്റംഗ് പൂനിയയും വിനേഷ് ഫോഗാട്ടും പത്മശ്രീ,ഖേൽരത്ന പുരസ്കാരങ്ങൾ പെരുവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

കായിക താരങ്ങളുടെ വികാരം എതിരാകുന്നത് കണ്ട് സഞ്ജയ് സിംഗിന്റെ കമ്മറ്റി ചട്ടങ്ങൾ പാലിക്കാതെ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പ് നിശ്ചയിച്ചു എന്ന പേരിലാണ് കായികമന്ത്രാലയം സസ്പെൻഷൻ ഉത്തരവിറക്കിയത്. തുടർന്ന് മൂന്നംഗ അഡ്ഹോക്ക് കമ്മറ്റിയേയും തീരുമാനിച്ചു. അഡ്‌ഹോക്ക് കമ്മറ്റി അടുത്തമാസം ജൂനിയർ ചാമ്പ്യൻഷിപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അഡ്ഹോക്ക് കമ്മറ്റിയെ അംഗീകരിക്കില്ലെന്നും സ്വന്തം നിലയിൽ ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുമെന്നും സഞ്ജയ് സിംഗ് പ്രഖ്യാപിച്ചത്.