
കൊച്ചി: ഡിസംബറിൽ ഇന്ത്യയിൽ യു.പി.ഐ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ മൂല്യംഅഞ്ച് ശതമാനം വർദ്ധിച്ച് 18.23 ലക്ഷം കോടി രൂപയിലെത്തി പുതിയ റെക്കാഡിട്ടു. ഇക്കാലയളവിൽ മൊത്തം ഇടപാടുകൾ ഏഴ് ശതമാനം ഉയർന്ന് 1002 കോടിയായി. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഡിസംബറിൽ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേയ്സ് (യു. പി. ഐ) ഇടപാടുകളുടെ മൂല്യം ഇതാദ്യമായി പതിനെട്ട് ലക്ഷം കോടി രൂപയിലെത്തി.
ഗൂഗിൾ പേ, പേയ്ടി. എം, ഫോൺ പേ എന്നിവയുടെ വരവോടെ വൻകിട നഗരങ്ങൾ മുതൽ നാട്ടിൻപുറത്തെ ചെറുക്കച്ചവടക്കാർ വരെ യു.പി.ഐ വഴിയാണ് ഇടപാടുകൾ നടത്തുന്നത്. നിലവിൽ മുപ്പത് കോടിയിലധികം ഉപഭോക്താക്കളാണ് യു. പി. ഐ സംവിധാനം ഉപയോഗിക്കുന്നത്. യു. പി. ഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം അൻപത് കോടിക്ക് മുകളിലാണ്.
വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് എളുപ്പത്തിലും സൗകര്യപ്രദമായും അതിവേഗം പണമയക്കാനുള്ള സംവിധാനവും ഒരുങ്ങുകയാണ്.
അൻപത് ശതമാനം പണ ഇടപാടുകളും ഡിജിറ്റലാകുന്നു
രണ്ടു വർഷത്തിനുള്ളിൽ പ്രതിദിന യു. പി. ഐ ഇടപാടുകളുടെ എണ്ണം നൂറു കോടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, മൊബൈൽ ബാങ്കിംഗ് എന്നിവ കൂടി കണക്കിലെടുത്താൽ രാജ്യത്തെ മൊത്തം ധനകാര്യ ഇടപാടുകളിൽ അൻപത് ശതമാനത്തിലധികം ഡിജിറ്റലായി മാറിയെന്ന് വിദഗ്ധർ പറയുന്നു.
മാസം പ്രതിമാസ തുക പ്രതിമാസ ഇടപാടുകൾ
ഏപ്രിൽ 14.16 ലക്ഷം കോടി രൂപ 886.32 കോടി
മേയ് 14.89 ലക്ഷം കോടി രൂപ 941..5 കോടി
ജൂൺ 14.75 ലക്ഷം കോടി രൂപ 933.5 കോടി
ജൂലായ് 15.34 ലക്ഷം കോടി രൂപ 996.4 കോടി
ആഗസ്ത് 15.76 ലക്ഷം കോടി രൂപ 1058.6 കോടി
സെപ്തംബർ 15.79 ലക്ഷം കോടി രൂപ 1055.5 കോടി
ഒക്ടോബർ 17.16 ലക്ഷം കോടി രൂപ 1148 കോടി
നവംബർ 17.4 ലക്ഷം കോടി രൂപ 1124 കോടി
ഡിസംബർ 18.23 ലക്ഷം കോടി രൂപ 1202 കോടി