sports

വിജയവാഡയിൽ വച്ച് ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് സ്ളീപ്പറിലേക്ക് മാറി

30ലധികം പേർക്ക് സ്ളീപ്പറിൽ ലഭിച്ചത് 10 ബർത്തുകൾ

തിരുവനന്തപുരം : ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ കേരള എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിലെ ദുരിതയാത്രയ്ക്ക് താത്കാലിക ആശ്വാസം കണ്ടെത്തി വിദ്യാഭ്യാസ വകുപ്പ്. ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ജനറൽ കമ്പാർട്ട്മെന്റിൽ തിങ്ങിഞെരുങ്ങി പുറപ്പെട്ട മുപ്പതോളം പേരടങ്ങുന്ന ടീമിന് ഇന്നലെ ഉച്ചയോടെ സ്ളീപ്പർ ബർത്തിൽ കുറച്ച് ബർത്തുകൾ ലഭ്യമായി.

വിജയവാഡയിൽ നിന്ന് പ്രിമിയം തത്കാൽ ടിക്കറ്റുകൾ എടുത്താണ് അധികൃതർ പ്രശ്നനപരിഹാരത്തിന് ശ്രമിച്ചത്. ഇതോടെ ടീമംഗങ്ങൾ എല്ലാവരും ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് സ്ളീപ്പർ കോച്ചിലേക്ക് മാറി. കിട്ടിയ ബർത്തുകളിൽ ഇന്നലെ പകൽ അൽപ്പം വിശ്രമിക്കാനും പെൺകുട്ടികൾ ഉൾപ്പടെയുള്ള സംഘത്തിന് കഴിഞ്ഞു. കൂടുതൽ ബർത്തുകൾ ലഭ്യമാക്കാൻ രാത്രി വൈകിയും ശ്രമം നടത്തുകയാണെന്ന് സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഹരീഷ് കേരള കൗമുദിയോട് പറഞ്ഞു.

കായിക താരങ്ങളുടെ ദുരിത യാത്രയെക്കുറിച്ച് ഇന്നലെ കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഒരുമാസത്തിന് മുന്നേ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നെങ്കിലും ഒറ്റ ടിക്കറ്റ് പോലും കൺഫേമാകാത്തതിനാലാണ് കുട്ടികൾക്ക് ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യേണ്ടിവന്നത്. അതേസമയം മടക്കയാത്രയ്ക്കായി സ്പെഷ്യൽ ബോഗിക്ക് വിദ്യാഭ്യാസവകുപ്പ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ ഇന്നലെ അപേക്ഷ നൽകിയിട്ടുണ്ട്.