p-jayarajan

കോഴിക്കോട്: അധികാരത്തിലേറ്റിയ ജനങ്ങളോട് മാന്യമായിട്ടും വിനീതരായും പെരുമാറണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് മുതിര്‍ന്ന നേതാവ് പി.ജയരാജന്റെ മുന്നറിയിപ്പ്. അധികാരത്തിലിരിക്കുന്നതിന്റെ ഗര്‍വ് ഒരിക്കലും ജനങ്ങളോട് കാണിക്കരുതെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. കോഴിക്കോട് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി.

വോട്ടിനേക്കാള്‍ നിലപാടിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കേണ്ടത്. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും ജയരാജന്‍ പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും ജയരാജന്‍ ആഞ്ഞടിച്ചു. കേരളത്തില്‍ അപൂര്‍വമായി എത്തുന്ന ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് പതിവാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവര്‍ണര്‍ദവി കൊളോണിയല്‍ അവശേഷിപ്പോ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സര്‍വകലാശാലകളെ കാവിവത്ക്കരിക്കാനാണ് ഗവര്‍ണറിന്റെ ശ്രമമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകിപ്പിക്കുന്നതിലൂടെ ഭരണഘടനയെയും സുപ്രീംകോടതിയെയും ഗവര്‍ണര്‍ പരിഹസിക്കുകയാണ്.

മുമ്പും കേരളത്തില്‍ ഗവര്‍ണര്‍മാരുണ്ടായിരുന്നു, അവരൊന്നും ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പി. ജയരാജന്‍ വിമര്‍ശിച്ചു.