suicide

ഗാസിയാബാദ്: മെട്രോ സ്‌റ്റേഷനില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയാണ് ആത്മഹത്യ ചെയ്തത്. ഗുരുഗ്രാമില്‍ അപാര്‍ട്‌മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശര്‍മയാണ് മരിച്ചത്.

ആഗ്ര സ്വദേശിയായ ഗൗരവ് ഇന്ന് രാവിലെയാണ് കൗശംഭി മെട്രോ സ്റ്റേഷനിലെത്തിയത്. സിസിടിവി ദൃശ്യത്തില്‍ നിന്നാണ് ഇയാള്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴേയ്ക്ക് ചാടുന്നത് കണ്ടത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഗൗരവ് മരിക്കുകയും ചെയ്തു.

ഗൗരവിന്റെ ഭാര്യ ലക്ഷ്മി റാവത് (23) നെയാണ് ഡിഎല്‍എഫ് ഫേസ് മൂന്നിലെ വീട്ടില്‍ മരിച്ചനിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. രക്തത്തില്‍ മുങ്ങിയ മൃതദേഹത്തിനരികില്‍ രണ്ട് വയസ് പ്രായമായ കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂര്‍ത്ത ആയുധമുപയോഗിച്ച് കുത്തേറ്റതാണ് ലക്ഷ്മിയുടെ മരണകാരണമെന്നും പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം കാണാതായ ഭര്‍ത്താവ് ഗൗരവ് ശര്‍മയെ പൊലീസ് തിരയുന്നതിനിടെയാണ് ഇയാള്‍ മരിച്ചെന്ന വിവരം ലഭിച്ചത്.