
ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തേണ്ട വിഗ്രഹത്തെ ക്ഷേത്ര ട്രസ്റ്റ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. അഞ്ചടിയോളം ഉയരമുള്ള പ്രധാനമൂർത്തി രാംലല്ലയുടെ (ബാലനായ രാമൻ) മൂന്ന് ശിൽപ്പങ്ങളാണ് തയ്യാറാക്കിയിരുന്നത്. കൃഷ്ണശിലയിലും വെള്ള മക്രാന മാർബിളിലും അടക്കം മൂന്ന് ശിൽപ്പങ്ങൾ കൊത്തിയെടുത്തതിൽ ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. ഏത് ശിലയിലെ ശിൽപ്പമാണെന്ന വിവരം പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22 വരെ രഹസ്യമാക്കി വയ്ക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം.
അതേസമയം ഇന്ത്യയുടെ വികസന കുതിപ്പിൽ അയോദ്ധ്യ പുതിയ ഊർജ്ജമാകുമെന്നും, ജനുവരി 22ലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനവും പൈതൃകവും ചേർന്ന ശക്തിയാണ് രാജ്യത്തെ നയിക്കുന്നത്.. കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ വിവിധ ഉദ്ഘാടനങ്ങൾ നിർവഹിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. പുതുതായി നിർമ്മിച്ച മഹർഷി വാൽമീകി അയോദ്ധ്യ ധാം ഇന്റർനാഷണൽ വിമാനത്താവളവും നവീകരിച്ച അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനും രാജ്യത്തിന് തുറന്നു കൊടുത്തു. അയോദ്ധ്യയിൽ നിന്ന് ഡൽഹി ആനന്ദ് വിഹാറിലേക്കടക്കം ആറ് വന്ദേഭാരതും, രണ്ട് അമൃത് ഭാരത് ട്രെയിനുകളും ഫ്ളാഗ് ഒാഫ് ചെയ്തു. അയോദ്ധ്യയിൽ 11,100 കോടി രൂപയുടെയും ഉത്തർപ്രദേശിലെ മറ്റു പ്രദേശങ്ങളിൽ 4,600 കോടി രൂപയുടെയും (ആകെ15,700 കോടി) വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന ജനുവരി 22 ന് അയോദ്ധ്യ സന്ദർശിക്കരുതെന്നും പകരം, എല്ലാ ഇന്ത്യക്കാരും വീട്ടിൽ ദീപം തെളിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 23 മുതൽ എപ്പോൾ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു.