
ഇംഫാൽ: മണിപ്പൂരിൽ ആയുധധാരികൾ നടത്തിയ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഥൗബലിലും ഇംഫാലിലുമുണ്ടായ ഏറ്റുമുട്ടലിനിടെ വെടിവയ്‌പുണ്ടാകുകയായിരുന്നു. ഥൗബലിലാണ് നാല് പേർ കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തിനു നേരെ വെടിവയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
പിന്നാലെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് കർഫ്യു ഏർപ്പെടുത്തി. ഥൗബൽ, ഇംഫാൽ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂർ ജില്ലകളിലാണ് സംഘർഷ സാഹചര്യത്തിൽ കർഫ്യൂ വീണ്ടും ഏർപ്പെടുത്തിയത്.
അക്രമത്തിൽ ചില വാഹനങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അന്വേഷണം ആരംഭിച്ചെന്നും കുറ്റവാളികളെ പിടികൂടുമെന്നും മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചു. ആരും നിയമം കൈയിലെടുക്കരുതെന്നും അഭ്യർത്ഥിച്ചു.
സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര മന്ത്രിതല യോഗം വിളിച്ചിരുന്നു.
കഴിഞ്ഞ ദിവസവും അക്രമത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്‌ച മുമ്പ് മൊറേ ജില്ലയിൽ പൊലീസ് വാഹനത്തിന് നേരെ പൊലീസ് വെടിവയ്പ് നടത്തിയിരുന്നു.