
മൂന്നാർ: പെരിയവാര എസ്റ്റേറ്റിൽ എത്തിയ പടയപ്പ റേഷൻകട തകർത്തു. ശിവകുമാരിയുടെ പേരിലുള്ള റേഷൻ കട തകർത്ത് രണ്ട് ചാക്ക് അരി അകത്താക്കിയ ശേഷം കാട്ടാന മടങ്ങി. പുതുവത്സര ദിനത്തിൽ പുലർച്ചെയാണ് സംഭവം. ജനവാസമേഖലയിൽ വർഷങ്ങളായി വിലസുന്ന കാട്ടാന ആദ്യമായാണ് ഇവിടെ എത്തി റേഷൻ കട തകർക്കുന്നത്. മേഖലയിൽ നിന്ന് പടയപ്പയെ തുരത്താൻ വനപാലകരോട് തൊഴിലാളികൾ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അരിക്കൊമ്പന്റെ മാതൃകയിൽ റേഷൻ കടകളും വീടുകളും ആക്രമിച്ച് അരി മോഷ്ടിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുകയാണ്
മൂന്നാർ, സൈലന്റുവാലി, നെറ്റിക്കുടി, ഗൂഡാർവിള, ലോക്കാട് എസ്റ്റേറ്റുകളിലും കാട്ടാന ശല്യം സ്ഥിരംസംഭവമാണ്. മൂന്നാറിലെ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളുടെ എണ്ണം ദിനംതോറും വർദ്ധിക്കുകയാണ്. ചൊക്കനാട് എസ്റ്റേറ്റിൽ കുട്ടിയുമായി ആറ് ആനകളാണ് ഒരുമാസക്കാലമായി നിലയുറപ്പിച്ചിരിക്കുന്നത്. രാത്രി പകലെന്ന വ്യത്യാസമില്ലാതെ ജനവാസമേഖലയിൽ എത്തുന്ന കാട്ടാനകൾ തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയും കൃഷി നശിപ്പിക്കുകയുമാണ് ചെയ്യുന്നത് പതിവാണ്.