train

തിരുവനന്തപുരം: ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ഇറങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരിയാണ് (66) കാൽ വഴുതി ട്രെയിനിനിടയിൽപ്പെട്ട് മരിച്ചത്.

തിരുവനന്തപുരത്തു നിന്നും ധനുവച്ചപുരത്ത് ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം, നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് വീട്ടമ്മ കാൽ വഴുതിവീണത്.

ഞായറാഴ്‌ച മൂന്ന് സുഹൃത്തുക്കളോടൊപ്പം ന്യൂയർ ആഘോഷിച്ച ശേഷം സ്കൂട്ടറിൽ റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചിരുന്നു. കോഴിക്കോട് കസബ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അറപ്പീടിക തിരുവാഞ്ചേരിപ്പൊയിൽ കണ്ണഞ്ചേരി ജംഷാദിന്റെ മകൻ ആദിൽ ഫർഹാനാണ് (17) മരിച്ചത്. ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെ റെയിൽവേ ട്രാക്കിലായിരുന്നു അപകടം.

ഞായറാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലും ബീച്ചിലും നടക്കുന്ന ന്യൂയർ പരിപാടി കാണാൻ സുഹൃത്തുക്കളോടൊപ്പം രണ്ട് സ്കൂട്ടറിലായി പോയതായിരുന്നു ആദിൽ. ഇവ കണ്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്. ന്യൂ ഇയർ തിരക്ക് കാരണം എല്ലാ വഴികളും ഗതാഗതക്കുരുക്കിൽ അമർന്നിരുന്നു. ടിക്കറ്റെടുത്ത് പ്ലാറ്റ് ഫോമിലേക്ക് വരാനുള്ള ട്രാക്കിലൂടെയുള്ള നടപ്പാതയിലൂടെയാണ് ഇവർ സ്കൂട്ടർ ഓടിച്ചത്. ഇതുവഴി വാഹനങ്ങൾക്ക് പ്രവേശനമില്ല. സുഹൃത്തുക്കൾ റെയിൽവേ സ്റ്റേഷനു കിഴക്കുഭാഗത്തായി ആദിലിനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. വെള്ളയിൽ നിന്ന് ദേശീയ പാതയിലേക്ക് പെട്ടെന്ന് എത്താൻ വേണ്ടി സ്കൂട്ടറിൽ പാളം മുറിച്ചു കടക്കുന്നതിനിടെ എറണാകുളം - ലോകമാന്യ തിലക് തുരന്തോ എക്പ്രസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ട്രാക്കിൽ സ്കൂട്ടർ കണ്ടതോടെ ലോക്കോ പൈലറ്റ് തുടർച്ചയായി ഹോൺ മുഴക്കി അപായ മുന്നറിയിപ്പ് നൽകിയെങ്കിലും ആദിൽ ഫർഹാന് രക്ഷപ്പെടാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.

ഇതിനിടയിൽ ട്രെയിൻ എമർജൻസി ബ്രേക്കിട്ടെങ്കിലും ആദിൽ സ്കൂട്ടർ മുന്നോട്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

അപകടമുണ്ടായ സ്ഥലത്തു നിന്ന് 100 മീറ്റർ അകലെ വെള്ളയിൽ സ്റ്റേഷനു സമീപമാണ് ട്രെയിൻ നിന്നത്. എൻജിനിൽ കുടുങ്ങിയ ആദിലിന്റെ മൃതദേഹം അരയ്ക്ക് താഴെ വേർപെട്ടു പോയിരുന്നു. നടക്കാവ് സ്റ്റേഷൻ എസ്.ഐ പവിത്രകുമാർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എ.എസ്.ഐ നന്ദഗോപാൽ, ഹെഡ് കോൺസ്റ്റബിൾ പി. ദേവദാസ് എന്നിവർ ചേർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ സ്വദേശമായ പനങ്ങാട് പഞ്ചായത്തിലെ അറപ്പീടിക തിരുവാഞ്ചേരി വീട്ടിൽ മൃതദേഹം പൊതു ദർശനത്തിനു വച്ച ശേഷം 3 മണിയോടെ അറപ്പീടിക ജുമാ മസ്ജിദിൽ കബറടക്കി. ആദിൽ ഫർഹാൻ പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഉമ്മ: ലിംഷ . സഹോദരൻ: റയാൻ.