
തൃശൂർ: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ കാൽ കുടുങ്ങി വിദ്യാർത്ഥികൾക്ക് പരിക്ക്. ആലുവ സ്വദേശികളായ ഫർഹാൻ, ഷമീം എന്നിവർക്കാണ് പരിക്കേറ്റത്.
തൃശൂർ ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. ട്രെയിനിന്റെ ചവിട്ട് പടിയിലിരുന്ന്കാൽ താഴേയ്‌ക്കിട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാലിന് സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് വീട്ടമ്മ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. തിരുവനന്തപുരം ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു അപകടമുണ്ടായത്. ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരിയാണ് (66) മരിച്ചത്. തിരുവനന്തപുരത്ത് നിന്നും ധനുവച്ചപുരത്ത് ട്രെയിനിൽ വന്നിറങ്ങിയപ്പോൾ കാൽ വഴുതി ട്രെയിനിനടിയിൽപ്പെട്ടായിരുന്നു അപകടം. തിരുവനന്തപുരം - നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് വീട്ടമ്മ വീണത്.