
പാട്ന: ബീഹാറിൽ സ്ത്രീകളെ ഗർഭം ധരിക്കാൻ സഹായിക്കുന്ന പുരുഷന്മാർക്ക് 13 ലക്ഷം രൂപ വാഗ്ദാനം ചെയ്ത എട്ട് പേർ അറസ്റ്റിൽ. ബീഹാറിലെ നവാഡയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർ 'ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ് സർവീസ്' എന്ന പേരിൽ റാക്കറ്റ് നടത്തിയിരുന്നെന്ന് പൊലീസ് അറിയിച്ചു.
വാട്സാപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് പ്രതികൾ പരാതിക്കാരായ പുരുഷന്മാരെ ബന്ധപ്പെട്ടത്. ഈ 'സർവീസിലൂടെ' ലക്ഷങ്ങൾ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. താത്പര്യമുള്ളവർ രജിസ്‌ട്രേഷൻ ഫീസായി 799 രൂപ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.
രജിസ്‌ട്രേഷൻ ഫീസടച്ചാൽ സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചുകൊടുത്ത് താത്പര്യമുള്ളവരെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. സെക്യൂരിറ്റി തുകയായി അഞ്ച് മുതൽ ഇരുപതിനായിരം രൂപ വരെ നൽകാൻ ആവശ്യപ്പെടും. സ്ത്രീ ഗർഭിണിയായാൽ 13 ലക്ഷം രൂപ നൽകുമെന്നും, ഗർഭിണിയായില്ലെങ്കിൽ സമാശ്വാസമായി അഞ്ച് ലക്ഷം രൂപ നൽകുമെന്നും സംഘം ഓഫർ ചെയ്യും.
ബീഹാർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ സ്ഥലം റെയ്ഡ് ചെയ്തിരുന്നു. മൊബൈൽ ഫോണുകളടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. സംഘം രാജ്യവ്യാപകമായി ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.