
പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം. മണ്ഡലകാലം അവസാനിച്ചതിന് പിന്നാലെ ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കി. വെർച്വൽ ക്യൂ മാത്രമായിരിക്കും ഉണ്ടാവുക. ഈ മാസം പത്തുമുതൽ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. ജനുവരി 14ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 50,000 ആക്കി പരിമിതപ്പെടുത്തി. മകരവിളക്ക് ദിനമായ ജനുവരി 15ന് 40,000 ആയി കുറയ്ക്കുകയും ചെയ്തു.
ശബരിമലയിൽ 14, 15 തീയതികളിൽ സ്‌ത്രീകളും കുട്ടികളും തീർത്ഥാടനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ദേവസ്വം മന്ത്രിയുൾപ്പെടെ എത്തിയ യോഗത്തിലാണ് തീരുമാനം. മകരവിളക്ക് ദിനം നിയന്ത്രണം വേണ്ടിവരുമെന്ന് പൊലീസിനെ അറിയിച്ചതായും ദേവസ്വം ബോർഡ് വ്യക്തമാക്കി. സന്നിധാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് പത്തനംതിട്ട പൊലീസ് ദേവസ്വം ബോർഡിന് കൈമാറിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബോർഡിന്റെ പുതിയ തീരുമാനം. 16 മുതൽ 20വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
ഇത്തവണ മണ്ഡലകാലത്ത് എരുമേലി ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിൽ ഭക്തർ നേരിട്ട പ്രതിസന്ധികൾ നിരവധിയാണ്. ഇവയൊക്കെ വീണ്ടും ആവർത്തിക്കാതെ പരിഹരിച്ചില്ലെങ്കിൽ മകരവിളക്ക് സീസണിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. സംഘർഷ ഭരിതവും അപകടങ്ങൾ വർദ്ധിച്ചതും അമിത ഫീസും കൊള്ളവിലയും ശുചിത്വമില്ലായ്‌മയും നിറഞ്ഞ ഇതുപോലൊരു തീർത്ഥാടന കാലം മുമ്പ് ഉണ്ടായിട്ടില്ലെന്ന് തീർത്ഥാടകരിൽ അധികവും പരാതിപ്പെട്ടിരുന്നു.