
തിരുവനന്തപുരം: പ്രധാനമന്ത്രി ഇ -ബസ് സേവ പദ്ധതിയുടെ അടുത്ത ടെൻഡർ ഫെബ്രുവരിയിൽ. അതിനു മുമ്പ് നടപടിക്രമങ്ങൾ പാലിച്ച് കേന്ദ്ര സർക്കാരിനെ അറിയിച്ചാൽ കേരളത്തിന് ധാരണയായ 950 ഇ -ബസുകൾ നഷ്ടപ്പെടില്ല. കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് 150 വീതവും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 വീതവും ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങൾക്ക് 50 വീതവും ബസാണ് ലഭിക്കേണ്ടത്. ആദ്യ ടെൻഡറിൽ പങ്കെടുത്ത കർണ്ണാടകം ആവശ്യപ്പെട്ടത് 795 ബസുകളാണ്. 11 നഗരങ്ങളിൽ കേന്ദ്ര ഇ -ബസുകൾ ഓടിക്കും.
മൈസൂരു, മംഗളൂരു, ദാവൻഗെരെ, ശിവമോഗ, തുംകുരു, ബെലഗാവി, ഹുബ്ബള്ളി, ധാർവാഡ്, കലബുറഗി, ബല്ലാരി, വിജയപുര എന്നിവയാണാ നഗരങ്ങൾ. ബസിലും രാഷ്ട്രീയം പദ്ധതി അംഗീകരിച്ച് ബസ് അനുവദിക്കുമ്പോഴേക്കും ഏപ്രിലാകും. പൊതു തിരിഞ്ഞെടുപ്പിൽ ബി.ജെ.പി ഇത് മുതലാക്കുമെന്ന് കണക്കുകൂട്ടിയാണ് കേരളം ബസിനോട് താത്പര്യം കാട്ടാത്തതെന്നാണ് വിവരം. തൃശൂരിന് 100 ബസ് അനുവദിച്ചത് ഉയർത്തിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ ബി.ജെ.പി നേരത്തെ പ്രചാരണം ആരംഭിച്ചിരുന്നു.
കോൺഗ്രസ് ഭരണത്തിലുള്ള കർണടകം രാഷ്ട്രീയം നോക്കാതെയാണ് ബസിനായി കേന്ദ്രത്തെ സമീപിച്ചത്. കേന്ദ്രബസ് സ്വന്തമാക്കിയവർ മഹാരാഷ്ട്ര- 1453 ഗുജറാത്ത് - 425 ബീഹാർ- 400 ഒഡിഷ- 350 പഞ്ചാബ്- 347 കർണ്ണാടക- 350 ജമ്മുകാശ്മീർ- 200 ഹരിയാന- 200 ചണ്ഡിഗർ- 100 പുതുച്ചേരി- 100 മേഘാലയ- 50
ഡിസംബറിൽ 240.48 കോടി നേടി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഡിസംബറിൽ മികച്ച വരുമാനം. 31 ദിവസത്തെ വരുമാനമായി 240.48 കോടി രൂപ ലഭിച്ചു. ശബരിമല ബസുകളിൽ നിന്നുള്ള വരുമാനമാണ് നേട്ടമായത്. 240 കോടി രൂപയാണ് ഇത്തവണ ലക്ഷ്യമിട്ടിരുന്നത്. 48.97 ലക്ഷം രൂപയാണ് അധികം ലഭിച്ചത്. പ്രതിദിന ശരാശരി വരുമാനം 7.75 കോടി രൂപയാണ്. എട്ടുകോടി രൂപയാണ് ലക്ഷ്യമിടുന്നത്. ശരാശരി പ്രതിമാസ വരുമാനം 220 കോടി രൂപയിൽ താഴെയാണ്. ഡിസംബറിൽ ദക്ഷിണമേഖലയിൽ നിന്നും 107.07 കോടി രൂപയും, മദ്ധ്യമേഖലയിൽ നിന്നും 79.19 കോടി രൂപയും ഉത്തരമേഖലയിൽ നിന്നും 54.21 കോടി രൂപയും നേടി.
ഡിസംബറിലെ ശമ്പളം ജനുവരി അഞ്ചിനുള്ളിൽ കൊടുക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഡിസംബറിൽ പൂർണ ശമ്പളം കൊടുക്കാറുണ്ട്. ശബരിമല തീർത്ഥാടകരിൽ നിന്നുള്ള വരുമാനമാണ് ഇതിന് സഹായിക്കുന്നത്. ഇത്തവണയും സാമ്പത്തിക സഹായത്തിന് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ശമ്പള വിതരണം എന്നുണ്ടാകുമെന്ന കാര്യം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല.