
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. ജാർഖണ്ഡ് സ്വദേശിയായ സെലാലിനെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികളുടെ മകൾ പീഡനത്തിനിരയായത്. പതിനൊന്നുകാരിയെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
സെലാലിനായി പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് ഭാര്യ സുമരി ബുർജോയോടൊപ്പം കടന്നുകളഞ്ഞതായി പൊലീസിന് വിവരം ലഭിക്കുന്നത്. ലുക്കൗട്ട് നോട്ടീസിൽ ഇരുവരുടെയും ഫോട്ടോയും പേര് വിവരങ്ങളും നൽകിയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്നാണ് നിർദേശം.