thrissur-pooram

തൃശൂർ പൂരം എക്സിബിഷനുള്ള തറവാടകപ്രശ്നത്തിന് പരിഹാരമായതോടെ, പൂരം കെങ്കേമമാകുമെന്ന് ഉറപ്പായി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പൂരം ചടങ്ങ് മാത്രമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഉടലെടുത്ത ആശങ്കകൾ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെയാണ് ഒഴിഞ്ഞത്. പൂരം തടസ്സമില്ലാതെ നടക്കുമെന്ന ഉറപ്പു ലഭിച്ചതോടെ പൂരപ്രേമികളും ദേവസ്വങ്ങളും ആവേശത്തിലാണ്.

പൂരത്തിനുള്ള എക്സിബിഷൻ കമ്മിറ്റി രൂപീകരിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്തതിനെത്തുടർന്നാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയത്. തൊട്ടുപിന്നാലെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത പൊതുയോഗവും നടന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പൂരം ചടങ്ങുമാത്രമായി നടത്താനുള്ള തീരുമാനം ഈ യോഗത്തിൽ പ്രമേയമായി അവതരിപ്പിച്ചതോടെ സർക്കാരിനെതിരെയും കൊച്ചിൻ ദേവസ്വം ബോർഡിനെതിരേയും പ്രതിഷേധവുമുയർന്നു. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്ത പൊതുയോഗത്തിനു പിന്നാലെ പൂരം പ്രതിസന്ധി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും പ്രതിഷേധമാരംഭിച്ചു. കോൺഗ്രസ് കോർപറേഷനു മുൻപിൽ നടത്തിയ രാപകൽ സമരവും ബി.ജെ.പി. അടക്കമുളള സംഘടനകൾ നടത്തിയ പ്രതിഷേധവും വിഷയം ആളിക്കത്തിച്ചു. ഒടുവിൽ പ്രശ്നത്തിന് പരിഹാരമായതോടെ എക്സിബിഷന്റെ സ്റ്റാളുകളുടെ ലേലമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് ദേവസ്വങ്ങൾ നൽകുന്ന വിവരം.

തിരഞ്ഞെടുപ്പിന് മുൻപേ വിവാദപ്പൂരം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം വിവാദത്തിന് രാഷ്ട്രീയമാനംകൂടി കൈവന്നിരുന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശക്തിയുള്ള വിഷയമായി പൂരം പ്രതിസന്ധി മാറുമെന്ന് വിലയിരുത്തലുണ്ടായി. തുടർന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ദേവസ്വങ്ങളുമായി ചർച്ചനടത്തി. പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ നൽകിയെങ്കിലും മുൻ നിലപാടിൽ ഉറച്ചുനിന്നത് ദേവസ്വങ്ങളെ പ്രതിഷേധം കടുപ്പിക്കുന്നതിലേക്ക് നയിച്ചു.

ജനുവരി മൂന്നിന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്കു മുൻപിൽ പ്രശ്നം എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു. ഇതോടെ പ്രശ്നം ഗുരുതരമാകുമെന്ന ധാരണ പരന്നു. വെള്ളിയാഴ്ച ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ദേവസ്വങ്ങളുമായി ചർച്ചനടത്തിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ജനങ്ങളുടെ പിന്തുണയോടെ പ്രതിഷേധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഇതിനിടെ, ജനുവരി രണ്ടിന് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിനു മുൻപിൽ പ്രതിഷേധ പകൽപ്പൂരം നടത്താനും ഡി.സി.സി. തീരുമാനിച്ചു. മോദിയുടെ സന്ദർശനവും കോൺഗ്രസിന്റെ പ്രതിഷേധ പകൽ പൂരവും സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് കണ്ട് സർക്കാർ നടത്തിയ ചടുലനീക്കത്തിൽ പ്രശ്‌നം ഒ‌ടുവിൽ പരിഹരിക്കുകയായിരുന്നു. അങ്ങനെ പൂരം പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ എൽ.ഡി.എഫിന് നേട്ടമായി. തിരഞ്ഞെടുപ്പ് വരെ പൂരം വിഷയം ഉയർത്താമെന്ന പ്രതിപക്ഷത്തിന്റെ നീക്കം പൊളിയുകയും ചെയ്തു.


പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചത്. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദർശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും പൂരം പ്രദർശനനഗരിയുടെ വാടക 42 ലക്ഷം മതിയെന്നുമാണ് സർക്കാരിന്റെ തീരുമാനം. ഇതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്.

കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ഇതിൽ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു.

തറവാടക സൗജന്യമാക്കണമെന്നായിരുന്നു ആദ്യം ഉയർത്തിയിരുന്ന ആവശ്യം.


ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, ആർ. ബിന്ദു, ടി.എൻ. പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ എന്നിവരെയാണ് മുഖ്യമന്ത്രി ഓൺലൈനായി നടത്തിയ യോഗത്തിലേക്ക് ക്ഷണിച്ചത്.

എന്നും പൂരം വിവാദത്തിൽ

തൃശൂരിന്റെ ചരിത്രത്തെ ആഴത്തിൽ അപഗ്രഥിച്ച പ്രഗദ്ഭനായ എഴുത്തുകാരൻ പുത്തേഴത്ത് രാമൻമേനോൻ പറയുന്ന ചരിത്രം ഇങ്ങനെ:


''തൃശൂർ പൂരത്തെക്കുറിച്ച് ഒരു ചരിത്രമുളളത്, ഈ പൂരക്കാരെല്ലാം പണ്ട് ആറാട്ടുപുഴ പൂരത്തിലാണ് പങ്കുകൊളളാറുളളത് എന്നാണ്. അതു ശരിയാവണം. പുരാതനകാലത്തെ തിരുന്നാവായയിലെ മാമാങ്കം പോലെ അന്നത്തെ പെരുമ്പടപ്പിന്റെ രാജ്യക്കാരെല്ലാം ഒന്നിച്ചു ചേർന്നു പൂരം ആഘോഷിക്കാറുള്ളത് ആറാട്ടുപുഴയിലായിരുന്നു. ചരിത്രപരങ്ങളും യാദൃച്ഛികങ്ങളുമായ പല കാരണങ്ങളാൽ ആറാട്ടുപുഴ പൂരത്തിന്റെ വ്യാപ്തിയും ശക്തിയും പ്രാപ്തിയും കുറഞ്ഞു. പല ക്ഷേത്രങ്ങളും പൂരത്തിൽ നിന്ന് പിൻമാറി. സാമ്പത്തികാധപ്പതനവും ചിലരെ പിൻവലിപ്പിച്ചു.യാദൃച്ഛികങ്ങളായ ചില കാരണങ്ങളാൽ ഇന്നത്തെ തൃശൂർ പൂരത്തിലെ പൂരക്കാരും ആറാട്ടുപുഴയ്ക്ക് പോകാതായി. ആ ചുറ്റുപാടിൽ അന്നത്തെ കൊച്ചിരാജാവ് ആ പൂരക്കാരെ വടക്കുന്നാഥക്ഷേത്രത്തിന്റെ പരിസരത്തേക്ക് ക്ഷണിക്കുകയും ഒരു തൃശൂർ പൂരം ഏർപ്പാടുചെയ്യുകയുമുണ്ടായി. അങ്ങനെയുണ്ടായതാണ് തൃശൂർ പൂരം‌! ആഗമവും ആഡംബരവും ആചാരവും ആഘോഷവുമെല്ലാം ആറാട്ടുപുഴയിൽ പതിവുള്ളതു തന്നെ. അത്ര ദൂരം പോകാതെ കഴിയുകയും രാജസംഭാവന ലഭിക്കുകയും ചെയ്തപ്പോൾ എല്ലാ പൂരക്കാരും തൃശൂർ വടക്കുന്നാഥക്ഷേത്ര സന്നിധാനത്തിലെ വിസ്തൃതമായ തേക്കിൻകാട് മൈതാനത്തെ ആശ്രയിച്ചു. പൂരാഘോഷവും തുടർന്നു പോന്നു. ഇതാണ് തൃശൂർ പൂരത്തിന്റെ ചരിത്രവും പശ്ചാത്തലവും''

ഇങ്ങനെ കഥകളും വിവാദങ്ങളും ചരിത്രവുമെല്ലാം ഇഴചേർന്നതാണ് തൃശൂർ പൂരം.

ആന എഴുന്നെള്ളിപ്പും വെടിക്കെട്ടിൻറെ ദൂരപരിധിയുമാണ് എല്ലാവർഷവും തൃശൂർ പൂരത്തെ പ്രതിസന്ധിയിലാക്കാറുള്ളത്. ഈയാണ്ടിൽ അത് പൂരം പ്രദർശനവേദിയുടെ തറവാടകയുമായായിരുന്നുവെന്ന് മാത്രം. പൂരത്തിന്റെ നടത്തിപ്പിനായുള്ള ധനസഹായം വർദ്ധിപ്പിക്കണമെന്ന ആവശ്യവും ദേവസ്വങ്ങൾ മുൻപ് ഉയർത്തിയിരുന്നു. നടത്തിപ്പിനായി കേന്ദ്ര സർക്കാർ അഞ്ച് കോടി രൂപയുടെ ഗ്രാന്റ് നല്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സാംസ്‌കാരിക മന്ത്രി കിഷന്‍ റെഡ്ഢിക്കും കത്ത് നല്‍കിയിട്ടുണ്ട്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽപൂരവും പൂര നഗരിയും ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യണെമെന്നും പ്രതാപൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകടൂറിസം ഭൂപടത്തിൽ പ്രത്യേക ശ്രദ്ധ നേടിയ പൂരം നടക്കുന്ന വടക്കുംനാഥ ക്ഷേത്രത്തിന്റെയും പൂരനഗരിയായ തേക്കിൻകാട് മൈതാനത്തിന്റെയും സംരക്ഷണത്തിനും വികസനത്തിനും അൻപത് കോടി രൂപയുടെ പ്രൊപോസൽ നേരത്തേ എം.പി കേന്ദ്ര സാംസ്‌കാരിക മന്ത്രിക്ക് നൽകിയിരുന്നു.